അദ്വാനിയെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; മുരളീ മനോഹര്‍ ജോഷിക്ക് വാരണാസി വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്‌

തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനിടെ ബിജെപിയില്‍ കലാപക്കൊടി. മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിക്കെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നതോടെ അനുനയിപ്പിക്കാന്‍ ബിജെപിയില്‍ നീക്കം തുടങ്ങി. മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയെ അനുനയിപ്പിക്കാനായി ആര്‍എസ്എസ് ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഇതിനുള്ള ശ്രമം ആര്‍എസ്എസ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്. മുരളി മനോഹര്‍ ജോഷിയെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി തലത്തില്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

അതേസമയം ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുരളീ മനോഹര്‍ ജോഷിയെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസും
പ്രതിപക്ഷ കക്ഷികളും നീക്കം തുടങ്ങി. യുപിയില്‍ വാരണാസിയില്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനവും കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തെ ചില കക്ഷികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുരളീ മനോഹര്‍ ജോഷിയെ മത്സരിപ്പിച്ചാല്‍ ബിജെപി കനത്ത തിരിച്ചടിയാകുമെന്നാണ് പ്രതിപക്ഷ വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

മുതിര്‍ന്ന നേതാക്കള്‍ക്ക് ഇത്തവണ ബിജെപി മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല. മോദി അമിത് ഷാ സഖ്യം ഇവരെ പാര്‍ട്ടിയില്‍ അപ്രസ്തമാക്കുന്നതായി മുതിര്‍ന്ന നേതാക്കള്‍ക്ക് തോന്നുണ്ട്.