ഈ ജില്ലയിലെ സ്കൂളുകളിലെ അധ്യാപകർ ഇനി മുതൽ ദിവസേന സെൽഫിയെടുക്കണം; ഡി.ഇ.ഒ ഓഫീസിലേക്ക് അയക്കണം

ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകര്‍ ഇനി മുതല്‍ എല്ലാ ദിവസവും സെല്‍ഫിയെടുത്ത് അയക്കണം. ക്ലാസ് മുറിയുടെ മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് കൃത്യമായി അയക്കണമെന്നാണ് നിര്‍ദേശം.

അധ്യാപകര്‍ കൃത്യമായി സ്‌കൂളിലെത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ പുതിയ തീരുമാനം നടപ്പില്‍ വരുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്കാണ് അയക്കേണ്ടത്. സര്‍വ്വശിക്ഷാ അഭിയാന്‍ വെബ്‌പേജില്‍ ഉദ്യോഗസ്ഥര്‍ സെല്‍ഫികള്‍ അപ് ലോഡ് ചെയ്യണമെന്നും നിര്‍ദേശം കര്‍ശനമാക്കിയിട്ടുണ്ട്.

700- ഓളം അധ്യാപകര്‍ക്ക് ഇത്തരത്തില്‍ സെല്‍ഫിയെടുത്ത് അയക്കാത്തത് മൂലം ശമ്പളം നഷ്ടമാകുകയും ചെയ്തിരുന്നു. സ്‌കൂളില്‍ പോകാതെ തട്ടിപ്പ് നടത്തുന്ന അധ്യാപകരെ പിടികൂടാനാണിത്. അധ്യാപകര്‍ സ്‌കൂളില്‍ പോകാതെ മറ്റുള്ളവരെ കൊണ്ട് ഹാജര്‍ ഇടീക്കുന്ന പതിവും നിലനില്‍ക്കുന്നതിന് തടയിടാനാണ് സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യണമെന്ന നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കിയിരിക്കുന്നത്.