നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ? പൊലീസ് മുറയിൽ മാധ്യമ പ്രവർത്തകനെ അധിക്ഷേപിച്ച് സെൻകുമാർ, പത്രപ്രവർത്തകനായാൽ സാമാന്യബുദ്ധി വേണമെന്ന് ഉപദേശവും

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനെ അധിക്ഷേപിച്ച് മുൻ ഡി ജി പി ടി.പി സെന്‍കുമാര്‍. ചോദ്യോത്തര വേളയില്‍ ടി.പി സെന്‍കുമാറിനോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെയാണ് അധിക്ഷേപിച്ചത്. ചോദ്യം ഉന്നയിച്ചതിൽ അനിഷ്ടം പ്രകടമാക്കിയ സെൻകുമാർ നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാണ് രോഷാകുലനായത്.

നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകനാണോ എന്നും മദ്യപിച്ചിട്ടുണ്ടോയെന്നും ചോദിക്കുകയായിരുന്നു. മദ്യപിച്ചിട്ടുണ്ടോ എന്ന് അറിയാൻ മുന്നോട്ട് വരണമെന്നും സെൻകുമാർ ആവശ്യപ്പെടുകയായിരുന്നു. ചെന്നിത്തല സെന്‍കുമാറിനെ ഡി.ജി.പിയാക്കിയ നടപടി ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ അബദ്ധമാണെന്ന് പറഞ്ഞു തുടങ്ങിയതായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍.

‘ടി.പി സെന്‍കുമാറിനെ ഡി.ജി.പിയാക്കിയ നടപടി ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ അബദ്ധമാണെന്ന് ചെന്നിത്തല പറഞ്ഞിരുന്നു . താങ്കള്‍ ഡി.ജി.പി ആയിരുന്നപ്പോളൊന്നും വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ ഇടപെടാന്‍ സമയം കിട്ടിയില്ലേ? ഇപ്പോള്‍ റിട്ടയർ ചെയ്തപ്പോൾ മതസ്പര്‍ധ വളര്‍ത്തുന്ന തരം കാര്യങ്ങള്‍ ചെയ്യുന്നു’വെന്ന് പറഞ്ഞ് ചോദ്യം ഉന്നയിക്കാൻ തുടങ്ങിയപ്പോഴേക്കും മാധ്യമപ്രവര്‍ത്തകനെ ചോദ്യം മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ രോഷാകുലനാവുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്‍ത്തകന്‍ സെന്‍കുമാറിന്റെ അടുത്തേക്ക് ചെന്നപ്പോൾ നിങ്ങളുടെ രീതിയും സംസാരവും കണ്ടപ്പോള്‍ മദ്യപിച്ചതു പോലെയാണ് തോന്നുന്നത് എന്നായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്.  ഇതോടെ ഹാളിലേക്ക് എത്തിയ ചിലര്‍ മാധ്യമ പ്രവര്‍ത്തകനെ പിടിച്ച് പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ എഴുന്നേല്‍ക്കുകയും വിഷയത്തില്‍ ഇടപെടുകയും ചെയ്തതോടെ സെന്‍കുമാര്‍, അദ്ദേഹം ചോദ്യം ചോദിക്കട്ടെ താന്‍ മറുപടി പറയാമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു.

ഒരു പത്രപ്രവര്‍ത്തകനായാൽ സാമാന്യബുദ്ധി വേണം. നിങ്ങള്‍ ഒരു മാധ്യമ പ്രവര്‍ത്തകനാണെങ്കില്‍ അതാതു ദിവസത്തെ കാര്യങ്ങളെ കുറിച്ച് അറിവുണ്ടാകണം. രമേശ് ചെന്നിത്തല പറഞ്ഞതിന് ഇരിഞ്ഞാലക്കുടയിൽ ഞാൻ മറുപടി പറഞ്ഞിരുന്നു. പൗരത്വ നിയമത്തെ കുറിച്ചും വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനു ശേഷം രമേശ് ചെന്നിത്തല ഒരക്ഷരം മിണ്ടിയിട്ടില്ല. ഇപ്പോള്‍ ഏഴാം കൂലി വെച്ച് വെട്ടിയിട്ട്. വേണമെന്നുണ്ടെങ്കില്‍ എട്ടാം കൂലി വെച്ചും വെട്ടും. സംശയം തീര്‍ന്നോ. ഇവിടെ ഉണ്ടായ കാര്യം എന്റെ കണ്‍ട്രോളിലല്ല. എസ്.എന്‍.ഡി.പിയെ പറ്റി ചോദിക്കണമെങ്കില്‍ ചോദിക്കാം. അല്ലാതെ വിഷയം വഴിതിരിച്ചു വിടരുതെന്നുമായിരുന്നു ടി.പി സെന്‍കുമാര്‍ പ്രതികരിച്ചത്.ഇടയ്ക്ക് ഇടപെടാൻ ശ്രമിച്ച സുഭാഷ് വാസുവിനോട് നിങ്ങൾ മിണ്ടാതിരിക്ക് എന്ന് ദേഷ്യപ്പെടുകയും ചെയ്‌തു.

എസ്.എന്‍.ഡി.പിക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമ പ്രവര്‍ത്തകനെ അധിക്ഷേപിച്ച് സെന്‍കുമാര്‍ രംഗത്തെത്തിയത്. വെള്ളപ്പാള്ളി നടേശൻ അഡ്മിഷനും നിയമനവും വഴി 1600 കോടി നേടിയതായി മുൻ ഡി ജി പി ആരോപിച്ചു. എസ് എൻ ഡി പി യോഗം നേതാവ് സുഭാഷ് വാസുവും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.