ഹാമര്‍ അപകടം; അഫീലിന്റെ മരണത്തിൽ സംഘാടകരെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം

പാലായില്‍ സംസ്‌ഥാന ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റിനിടെ, ഹാമര്‍ തലയില്‍വീണ്‌ വിദ്യാർത്ഥി മരിച്ച കേസ്‌ അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം. അപകടത്തില്‍ മരിച്ച അഫീലിന്റെ മൊബൈല്‍ ഫോണിൽ നിന്നും കോള്‍ലിസ്‌റ്റ്‌ മായ്‌ച്ചിരുന്നതായി കണ്ടെത്തി. അഫീലിനെ സ്റ്റേഡിയത്തിലേക്ക് വിളിച്ചു വരുത്തിയ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിന്റെ സംഘാടകരെ രക്ഷിക്കാനാണ് ഈ തിരിമാറിയെന്നാണ് ആരോപണം. കേസ് അട്ടിമറിക്കാൻ അന്വേഷണ സംഘം ശ്രമിക്കുന്നതായും വിമർശനമുണ്ട്.

ഫിംഗർ ലോക്കും പാസ്‌വേഡുമായിരുന്നു അഫീലിന്റെ മൈാബൈൽ ഫോണിൽ ഉണ്ടായിരുന്നത്. അഫീലിന്റെ ഫോണിൽ നിന്ന് അപകടം സംഭവിച്ചതിന് പിന്നാലെ മാതാപിതാക്കൾക്ക് കോൾ പോയിരുന്നു. അബോധാവസ്ഥയിലായിരുന്ന അഫീലിന്റെ വിരൽ ഉപയോഗിച്ച് ഫോൺ ലോക്ക് തുറന്നതായിരിക്കാമെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഇതിനിടെ കോൾലിസ്റ്റ് നീക്കംചെയ്തിട്ടുണ്ടാകാമെന്നും സംശയിക്കപ്പെടുന്നു.

Read more

സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ സംഘാടകർക്ക് വീഴ്ച പറ്റിയതായി നേരത്തെ തന്നെ വ്യാപകമായ ആരോപണം ഉയർന്നിരുന്നു. അഫീൽ സ്വന്തം ഇഷ്ടപ്രകാരമാണ് സ്റ്റേഡിയത്തിൽ എത്തിയതെന്നാണ് സംഘാടകൾ പറയുന്നത്. അഫീലിനെ കൂടാതെ പന്ത്രണ്ട് വിദ്യാർത്ഥികൾ കൂടി സംസ്‌ഥാന ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റിൽ വോളന്റിയർമാരായി പ്രവർത്തിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണിതെന്ന് ഇവരിൽ നിന്ന് കഴിഞ്ഞ ദിവസം സംഘാടകർ എഴുതി വാങ്ങുകയും ചെയ്തിരുന്നു. അഫീലിന്റെ മരണത്തിൽ പങ്കില്ലെന്ന് വരുത്താനാണ് മൊബൈൽ ഫോണിലെ കോൾ ലിസ്റ്റ് നീക്കം ചെയ്തതെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.