ശ്രീറാമിന് വേണ്ടിയുള്ള 'ഉന്നതന്മാരുടെ നീതി'യിലൂടെ അട്ടിമറിക്കപ്പെടുന്നത് നിയമവാഴ്ച

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ. മുഹമ്മദ് ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്തുന്നതിന് ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നുവെന്ന ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതാണ് പുറത്തുവന്ന രക്തസാമ്പിള്‍ പരിശോധന ഫലം. അപകടം നടന്ന ഉടന്‍ തന്നെ സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ ശ്രീറാം ആണ് കാര്‍ ഓടിച്ചിരുന്നതെന്നും അമിതവേഗമാണ് അപകടകാരണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കാല് നിലത്തുറയ്ക്കാന്‍ കഴിയാത്ത തരത്തില്‍ അദ്ദേഹം മദ്യപിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. അപകടം നടന്ന് അഞ്ചു മിനിട്ടിനകം സ്ഥലത്തെത്തിയ പൊലീസ് ശ്രീറാമിനെ കസ്റ്റഡിയിലെടുത്തുവെങ്കിലും സ്വാഭാവിക നടപടിയായ രക്തസാമ്പിള്‍ പരിശോധന നടത്തിയില്ല. പരിശോധിച്ച ഡോക്ടര്‍ തന്നെ മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് പറഞ്ഞിട്ടും പരിശോധനയ്ക്കായി പൊലീസ് ആവശ്യപ്പെട്ടില്ല. അപകടത്തിന് ശേഷം നഗരത്തിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒമ്പത് മണിക്കൂറിന് ശേഷം നടത്തിയ പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇതോടെ യുവാവായ ഒരു പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസ് ഒരു സാധാരണ അപകടമരണമായി മാറാനുള്ള സാധ്യതയാണ് നിലവിലുള്ളത്. പരിശോധിച്ച ഡോക്ടര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിട്ടും മുന്തിയ സ്വകാര്യ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിക്കാന്‍ ശ്രീറാമിന്റെ ഇഷ്ട പ്രകാരം പൊലീസ് അനുവദിച്ചതിലും ദുരൂഹതയുണ്ട്. ഒടുവില്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവനുസരിച്ചാണ് ജയിലില്‍ അയക്കാന്‍ നിര്‍ബന്ധിതമായത്. എന്നാല്‍ ജയില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എല്ലാത്തരത്തിലും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് തുടക്കം മുതല്‍ ഉണ്ടായതെന്ന് വ്യക്തമാണ്. വീണ്ടും പൊലീസ് സെല്ലില്‍ നിന്ന് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവിലേക്ക് മാറ്റി. സഹയാത്രികയായിരുന്ന വഫ ഫിറോസാണ് വാഹനം ഓടിച്ചതെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ആദ്യ ശ്രമം. തലസ്ഥാനത്തെ പത്ര പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടല്‍ കൊണ്ടാണ് ശ്രീറാം കേസില്‍ പ്രതിയായത്.

തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരും അവരുടെ സംഘടനയായ കെയുഡബ്ല്യുജെയും പ്രതിപക്ഷ നേതാവും എല്ലാം ഇടപെട്ടിട്ടും പകല്‍ വെളിച്ചത്തില്‍ ശ്രീറാമിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മൂന്നാറിലെ ചില കയ്യേറ്റങ്ങള്‍ക്കെതിരായ നടപടിയുടെ പേരില്‍ സര്‍ക്കാരിനും സിപിഎമ്മിനും അനഭിമതനായ ഒരാള്‍ കൂടിയാണ് അദ്ദേഹം. ആ നിലയില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നായിരുന്നു ആദ്യമുണ്ടായ സൂചനകളും ഇടപെടലുകളും. പൊലീസ് വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിയായ പിണറായി വിജയനാണ് എന്നതും പ്രധാനമാണ്. എന്നിട്ടും ശ്രീറാമിനെ രക്ഷിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ശക്തമായ കൈകളുണ്ടെന്ന് കരുതേണ്ടി വരും. ഏത് സര്‍ക്കാരിലും കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ശേഷിയുള്ള ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥ സംഘം ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടി വരും. എന്തുകൊണ്ട് എന്ന ചോദ്യം ഉയരുമ്പോള്‍ ആദ്യം ഉയര്‍ന്നു വരുന്നത് എവിടെ വെച്ചാണ് ശ്രീറാം മദ്യപിച്ചതെന്ന ചോദ്യമാണ്. ഐഎസുകാരുടെ ക്ലബ്ബിലായിരുന്നു ആഘോഷമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എങ്കില്‍ ആ ക്ലബ്ബിന് മദ്യപാന പാര്‍ട്ടികള്‍ നടത്താനുള്ള നിയമപരമായ ലൈസന്‍സ് ഉണ്ടായിരുന്നുവോ? ഇല്ലെങ്കില്‍ നിയമവിരുദ്ധമായ ഈ പാര്‍ട്ടിയില്‍ ശ്രീറാമിന് പുറമെ ഏതെല്ലാം ഉന്നതര്‍ പങ്കെടുത്തിരുന്നുവെന്ന ചോദ്യവും ഉയരും. അപകടത്തിന് പിന്നാലെ ഇതും കേസായി മാറിയാല്‍ ഈ ഉന്നതന്മാര്‍ക്കെതിരെയും നടപടി വേണ്ടിവരും. അങ്ങനെയെങ്കില്‍ ശ്രീറാം പ്രതിയായ അപകട കേസ് അട്ടിമറിക്കുന്നതിന് ഉദ്യോഗസ്ഥ ലോബി കാട്ടിയ ഉല്‍സാഹത്തിന് ഇതും കാരണമായി മാറിയെന്ന് കരുതേണ്ടി വരും. അവരുടെ സമ്മര്‍ദ്ദത്തിന് പൊലീസ് വഴങ്ങിയതാകാനുള്ള സാധ്യതയുമുണ്ട്. അല്ലെങ്കില്‍ കൂട്ടത്തില്‍ ഒരാള്‍ അപകടത്തിലായപ്പോള്‍ ഭരണം നിയന്ത്രിക്കുന്ന രണ്ട് ഉന്നത വിഭാഗങ്ങള്‍ക്കിടയില്‍ രൂപം കൊണ്ട താത്കാലിക ഐക്യമായിരിക്കാം.

എന്തായാലും കേസ് അട്ടിമറി, നിയമവാഴ്ച്ചയെ സംബന്ധിച്ച സംശയങ്ങളാണ് പൗരന്മാരില്‍ സൃഷ്ടിക്കുക. മദ്യപാനം ഉള്‍പ്പെടെ നിസ്സാര കേസില്‍ പോലും സാധാരണ പൗരന്മാരെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന പൊലീസ് ഒരു ഉന്നത ഉദ്യോഗസ്ഥന്റെ കാര്യത്തില്‍ എല്ലാ നിയമങ്ങളും നടപടികളും അട്ടിമറിക്കുമ്പോള്‍ ഈ ആശങ്ക സ്വാഭാവികമാണ്. കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മര്‍ദ്ദനങ്ങളും ആവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഉന്നതര്‍ക്ക് മുന്നില്‍ നിയമം വഴിമാറിപ്പോകുന്നത്. ഒരു അപകട മരണ കേസില്‍ ഇതാണ് സ്ഥിതിയെങ്കില്‍ കുറെക്കൂടി ഗുരുതരമായ കേസുകളില്‍ എന്തായിരിക്കും സ്ഥിതി? അതിന് നമുക്ക് ലഭിക്കുന്ന ഉത്തരമാണ് പൊലീസ് മേധാവിയും ഉപദേശകനും മുതല്‍ താഴേക്കുള്ള നമ്മുടെ ക്രമസമാധാനപാലകരും ഭരണ നിര്‍വഹണത്തിലെ പ്രമുഖരും. നമ്മുടെ ഉന്നത ഉദ്യോഗസ്ഥരില്‍ പലര്‍ക്കും എതിരെ ഗുരുതരമായ അഴിമതികളും ക്രമക്കേടുകളും ക്രിമിനല്‍ കുറ്റകൃത്യങ്ങളും ആരോപിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം വിരലില്‍ എണ്ണാന്‍ കഴിയും. ജനങ്ങള്‍ക്ക് ഉദ്യോഗസ്ഥ സംവിധാനത്തിലും സര്‍ക്കാരിലുമുള്ള വിശ്വാസം ഇല്ലാതാക്കാന്‍ മാത്രമേ ഇതെല്ലാം വഴിയൊരുക്കൂ.

എന്നാല്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമുള്ള പങ്ക് കൂടിയാണ് ഇത്തരത്തിലുള്ള അട്ടിമറികള്‍ സുഗമമാക്കുന്നത്. ശ്രീറാമിനെതിരായ കേസില്‍ മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കുന്ന പൊലീസ് വകുപ്പാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നത് ഗൗരവമുള്ള കാര്യമാണ്. ഒന്നുകില്‍ പൊലീസ് മന്ത്രി കൂടി അറിഞ്ഞാണ് ഇതെന്ന് ജനങ്ങള്‍ സംശയിക്കും. അല്ലെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന കേസ് അട്ടിമറികളും അവിഹിത ഇടപെടലും തടയാന്‍ മന്ത്രിക്ക് കഴിവില്ലെന്ന് കരുതും. രണ്ടായാലും നിയമവാഴ്ച്ചയെ കുറിച്ച് തന്നെയുള്ള സംശയമാകും പൗരന്മാരില്‍ ഉണ്ടാക്കുക. ഇത് ഫലത്തില്‍ ജനാധിപത്യ സംവിധാനത്തെ കുറിച്ച് തന്നെയുള്ള അവിശ്വാസത്തിലേക്കും അതൃപ്തിയിലേക്കുമാകും ജനങ്ങളെ നയിക്കുക. ഈ അവിശ്വാസമാണ് അരാജകത്വത്തിന്റെയും സമഗ്രാധിപത്യത്തിന്റെയും ഉറവിടമായി മാറുന്നത്.