ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ചെന്നിത്തല പരിഹസിച്ച് ഇറക്കി വിട്ടിരുന്നു; ചെന്നിത്തലയോട് 'പൊതുജനം' ചോദിച്ചത് സത്യമെന്ന് ശ്രീജിത്ത്

ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് രമേശ് ചെന്നിത്തല തന്നെ പരിഹസിച്ച് ഇറക്കി വിട്ടിരുന്നെന്ന് ശ്രീജിത്ത്. മഴയൊന്നും കൊള്ളാതെ പൊടിയടിച്ച് കൊതുകു കടി കൊള്ളാതെ നീ വീട്ടില്‍ പോ, ഞങ്ങള്‍ എന്താന്ന് വെച്ചാ ചെയ്യാം എന്ന് പരിഹാസ രീതിയില്‍ ചെന്നിത്തല തോളില്‍ തട്ടി പറഞ്ഞതായി ശ്രീജിത്ത് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പോലീസ് കസ്റ്റഡിയില്‍ മരിച്ച സഹോദരന്റെ ഘാതകരെ ശിക്ഷിക്കണമെന്നാവശ്യപ്പെച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ 767ദിവസങ്ങളായി നിരാഹാരമിരിക്കുകയാണ് ശ്രീജിത്ത്. മിക്ക ദിവസങ്ങളിലും ഞാന്‍ ഉമ്മന്‍ ചാണ്ടിസാറിനെയും ചെന്നിത്തല സാറിനെയും പോയി കാണുമായിരുന്നു. ചില ദിവസങ്ങളില്‍ ചെന്നിത്തല സാര്‍ കണി കാണുന്നത് എന്നെയായിരിക്കും.

പരിഹാസ രൂപേണ എന്നോട് സംസാരിച്ചു എന്നുള്ളത് സത്യമാണ്- ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ സംസാരിക്കവെയാണ് ശ്രീജിത്ത് പറഞ്ഞു. എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണം ഉദ്യോഗ തലത്തിലുള്ള പ്രശ്‌നമാണ്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും, ചെന്നിത്തലയെയും ഏതു സമയത്തും കാണാമായിരുന്നു എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നമുക്ക് ഇപ്പോഴും അങ്ങനെ പോയികാണാന്‍ സാധിക്കുന്നില്ല.

സര്‍ക്കാരുകള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. പലപ്പോഴും പോലീസുകാര്‍ സമരസ്ഥലത്ത് വന്ന് വിരട്ടുമായിരുന്നു. എന്നാല്‍ ഞാന്‍ മരിക്കാന്‍ വരെ തയ്യാറായാണ് സമരത്തിനെത്തിയതെന്നും ശ്രീജിത്ത് പറഞ്ഞു.

നേരത്തെ സമരപന്തലിലെത്തിയ രമേശ് ചെന്നിത്തലയോട് സമരമുഖത്തുണ്ടായിരുന്ന ശ്രീജിത്തിന്റെ സുഹൃത്തുക്കളിൽ ഒരാൾ ചോദ്യങ്ങൾ ചോദിച്ചത് ചെന്നിത്തലയെ അപഹാസ്യനാക്കിയിരുന്നു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ചെന്നിത്തലയെ കാണാൻ ചെന്നപ്പോൾ ശ്രീജിത്തിനെ പരിഹസിച്ച ആളല്ലേ സാർ എന്നായിരുന്നു സുഹൃത്തിന്റെ ചോദ്യം.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശ്രീജിത്തിനെയും അമ്മയെയും നേരിട്ട് കണ്ട് പിന്തുണ അറിയിച്ചിരുന്നു. സഹോദരന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് എന്റെ മനസ്സ്. ആ കുടുംബം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണ്. അത് നിറവേറ്റാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ആരോഗ്യസ്ഥിതി മോശമായിട്ടും വെയിലും മഴയും കൊണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ കിടന്നിരുന്ന ശ്രീജിത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധിപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിലെത്തിയത്. കേസ് സിബിഐ അന്വേഷിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് ഗവർണറും ഉറപ്പ് നൽകിയിട്ടുണ്ട്.