ഇ.എം.എസ് മ്യൂസിയം സജ്ജീകരിക്കുന്നതിന് 82.56 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി സ്പീക്കര്‍; സാമ്പത്തിക പ്രതിസന്ധിയിലും സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണെന്ന്  പ്രതിപക്ഷം

നിയമസഭാ സമ്മേളനത്തിലെ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ നിയമസഭയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ ധൂര്‍ത്ത് ചൂണ്ടിക്കാട്ടി സ്പീക്കറെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷം. നിയമസഭയില്‍ ഇ.എം.എസ് മ്യൂസിയം സജ്ജീകരിക്കുന്നതിന് 82.56 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതാണ് സ്പീക്കറെ ചുറ്റിപ്പറ്റി ഉയരുന്ന വിവാദം. യു.ഡി.എഫ് കാലത്ത് സ്ഥാപിച്ച കുട്ടികള്‍ക്ക് വേണ്ടിയുളള ലൈബ്രറി പൊളിച്ചാണ് മ്യൂസിയം സ്ഥാപിക്കുന്നത്. ഇതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്. സ്വകാര്യ ടെലിവിഷന്‍ ചാനലിലെ വാര്‍ത്ത അവതാരകന്‍ ശരത്ചന്ദ്രന്‍ തയ്യാറാക്കിയ പ്രോജക്ട് അനുസരിച്ചുളള പദ്ധതിക്ക് വന്‍തോതില്‍ പണം അനുവദിച്ചത് ധൂര്‍ത്താണെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. എന്നാല്‍ പണം അനുവദിക്കുകയോ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്നാണ് സ്പീക്കറുടെ ഓഫീസിന്റെ മറുപടി. പ്രതിപക്ഷത്തെ അംഗങ്ങള്‍ കൂടി ഉള്‍പ്പെട്ട സമിതിയുടെ തീരുമാനപ്രകാരമാണ് മ്യൂസിയം ക്രമീകരിക്കാന്‍ തീരുമാനിച്ചെതുന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാര്‍ വന്‍തോതില്‍ പണം ധൂര്‍ത്തടിക്കുകയാണെന്ന് ആരോപിക്കുന്ന പ്രതിപക്ഷം ഇത് നിയമസഭയിലും ആവര്‍ത്തിക്കുകയാണെന്നാണ് ആരോപിക്കുന്നത്. “”കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായ ഇ.എം.എസിന്റെ പേരില്‍ മ്യൂസിയം സ്ഥാപിക്കുന്നതിന് ഒന്നും ഞങ്ങള്‍ എതിരല്ല. എന്നാല്‍ ആരോടും ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനം എടുക്കുന്നതിനോടാണ് വിയോജിപ്പ്. സ്പീക്കറായിരുന്ന ജി.കാര്‍ത്തികേയന്റെ ആഗ്രഹപ്രകാരം കുട്ടികളുടെ ലൈബ്രറി സ്ഥാപിച്ചിടം പൊളിച്ചാണ് മ്യൂസിയം സ്ഥാപിക്കുന്നത്. പ്രോജക്ട് തയ്യാറാക്കിയെന്ന് പറയുന്ന ശരത്ചന്ദ്രന്‍ ആരാണ് എന്നതിനെപ്പറ്റി ഉത്തരവില്‍ പറയുന്നില്ല. എന്താണ് ഈകാര്യത്തിലുളള അദ്ദേഹത്തിന്റെ പരിചയസമ്പത്ത്. ടെണ്ടര്‍ പോലും വിളിക്കാതെ നിര്‍മ്മാണം ഊരാളുങ്കല്‍ സൊസൈറ്റിയെ ഏല്‍പ്പിച്ചെന്നാണ് കേള്‍ക്കുന്നത്. അവര്‍ അത് മറ്റാര്‍ക്കോ ഏല്‍പ്പിച്ചുകൊടുത്തെന്നാണ് മനസിലാക്കുന്നത് “” വി.ഡി.സതീശന്‍ എം.എല്‍.എ
മാധ്യമങ്ങളോട് പറഞ്ഞു. സഭയിലെ കവന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ധൂര്‍ത്തിനെതിരെ സഭയ്ക്കകത്ത് തന്നെ വിമര്‍ശനം ഉന്നയിച്ചയാളാണ് സതീശന്‍. ലോകകേരളസഭാ സമ്മേളനത്തിന് വേദിയൊരുക്കാന്‍ സഭയുടെ ഏറ്റവും താഴത്തെ നിലയിലുളള ശങ്കരനാരായണന്‍ തമ്പി ലോഞ്ച് കവന്‍ഷന്‍ സെന്റര്‍ ആക്കിമാറ്റാന്‍ 16.5കോടി രൂപ ചെലവഴിക്കുതിനെയാണ് സതീശനും കെ.എസ്.ശബരീനാഥനും കഴിഞ്ഞ സഭാ സമ്മേളനത്തില്‍ ചോദ്യം ചെയ്തത്. സ്പീക്കറുടെ മേല്‍നോട്ടത്തില്‍ സഭാ സമുച്ചയത്തില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെപ്പറ്റി  സഭാതലത്തില്‍ ആക്ഷേപം ഉയിക്കുന്നത് അസാധാരണ സംഭവമാണ്. വിഷയം സഭയില്‍ ഉന്നയിച്ചതില്‍ സ്പീക്കര്‍ അപ്പോള്‍ത്തന്നെ അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു.

ഇ.എം.എസ് മ്യൂസിയവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളിലും പ്രതിപക്ഷ വിമര്‍ശനങ്ങളിലും കഴമ്പില്ലെന്ന വാദമുയര്‍ത്തിയാണ് സ്പീക്കറുടെ പ്രതിരോധം. മ്യൂസിയവുമായി ബന്ധപ്പെട്ട് സഭാസമിതിയാണ് പ്രോജക്ട് തയ്യാറാക്കാനായി സ്വകാര്യചാനലിലെ വാര്‍ത്താവതാരകനായ ശരത്ചന്ദ്രനെ ചുമതലപ്പെടുത്തിയത്. ഇതിനായി ശരത്ചന്ദ്രന്‍ ഇതുവരെ പണം കൈപ്പറ്റിയിട്ടില്ല. 82.56 കോടിയുടെ പ്രോജക്ടും എസ്റ്റിമേറ്റും അംഗീകരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഭരണാനുമതി നല്‍കുക മാത്രമാണ് ഉണ്ടായിട്ടുളളത്. മ്യൂസിയം സജ്ജീകരിക്കുന്ന ജോലിയ്ക്കായി
കരാറുകാരെ കണ്ടെത്താന്‍ താത്പര്യപത്രം ക്ഷണിക്കുകയാണ്. യു.എഡി.എഫ് എം.എല്‍.എ ശബരീനാഥന്‍ ഉള്‍പ്പെടെ അംഗങ്ങളായ സമിതിയുടെ തീരുമാനപ്രകാരമാണ് എല്ലാ നടപടികളും എടുത്തതെന്ന് സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു. ഡയസില്‍ കയറി പ്രതിഷേധിച്ച യു.ഡി.എഫ് എം.എല്‍.എമാരെ ശാസിച്ച നടപടിയാണ് പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ തിരിയാനുളള പ്രധാനകാരണമൊണ് ഭരണപക്ഷത്തിന്റെ സംശയം.