ജോർജ് ഫ്ലോയിഡിൻറെ കൊലപാതകം; വൈറ്റ് ഹൗസിനെ വിറപ്പിച്ച് അമേരിക്കൻ തെരുവുകളില്‍  പ്രതിഷേധം ശക്തം

ആഫ്രിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിനെ അമേരിക്കൻ പൊലീസ്  ക്രൂരമായി മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തം. വൈറ്റ്ഹൗസ് അടക്കമുള്ള അമേരിക്കയുടെ തന്ത്രപ്രധാന മേഖലകളിലെല്ലാം വാഹനങ്ങളും കെട്ടിടങ്ങളുമടക്കം അഗ്‌നിക്കിരയാക്കി വലിയ പ്രതിഷേധമാണ് ഉയരുന്നത്.

തുടര്‍ച്ചയായ ആറാം ദിവസമാണ് അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നത്. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ വൈറ്റ് ഹൗസിന് മുന്നിലെ പ്രതിഷേധം അക്രമത്തിലേക്ക് കടന്നതോടെ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. “എനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന്” എന്ന ജോര്‍ജിന്റെ അന്ത്യവാചകത്തെ മുദ്രാവാക്യമാക്കി അത് ഉറക്കെ വിളിച്ചാണ് രാജ്യമെമ്പാടും പ്രതിഷേധമുയരുന്നത്. നിനക്ക് ശ്വാസം കിട്ടുന്നില്ലെങ്കില്‍ ഞങ്ങള്‍ക്കെങ്ങനെ ശ്വാസം കിട്ടാനെന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്. സംഭവത്തില്‍ പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടെങ്കിലും രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലാണ് ജോര്‍ജിന്റെ കൊലപാതകത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നത്.

വൈറ്റ് ഹൗസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച നൂറ് കണക്കിന് പ്രതിഷേധക്കാരെ രഹസാന്വേഷണ വിഭാഗവും പൊലീസും ചേര്‍ന്ന് തടയുകയായിരുന്നു. തുടര്‍ന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ വൈറ്റ് ഹൗസിനകത്തുള്ള ബങ്കറിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം രാജ്യവ്യാപകമായ പ്രതിഷേധം ശക്തമായതിന തുടര്‍ന്ന് വാഷിങ്ടണിലടക്കം നാല്പതോളം നഗരങ്ങളില്‍ ഞായറാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിഷേധം ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വാഹനങ്ങള്‍ ഇടിച്ചു കയറ്റുന്നതിന്റെയടക്കം ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.