ലോക്ക് ഡൌണില്‍ സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവെന്ന് റിപ്പോർട്ട്; ദിവസേന 20 മുതല്‍ 25 വരെ പരാതികള്‍

ലോക്ക് ഡൌണ്‍ കാലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങൾ വർധിച്ചുവെന്ന് റിപ്പോർട്ട്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ വുമണിന്‍റെ കണക്ക് പ്രകാരം 54 പരാതികളാണ് ഓണ്‍ലൈനായി ഏപ്രില്‍ മാസം ലഭിച്ചത്. മാര്‍ച്ചില്‍ ഇത് മുപ്പത്തിയേഴും ഫെബ്രുവരിയില്‍ ഇത് ഇരുപത്തിയൊന്നും ആയിരുന്നു.

ഇത് ഓണ്‍ലൈന്‍ പരാതികളുടെ ലിസ്റ്റാണ്. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രയത്നിക്കുന്ന അകഞ്ച ഫൌണ്ടേഷനിലൂടെ മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 25 വരെ 412 പരാതികളാണ് വന്നിട്ടുള്ളത്. ദിവസേന 20 മുതല്‍ 25 വരെ പരാതികള്‍ ലഭിക്കുന്നുണ്ടെന്നും ലോക്ക് ഡൌണിന് മുമ്പ് ഇത് പത്തില്‍ താഴെയായിരുന്നുവെന്നും അകഞ്ച ഫൌണ്ടേഷന്‍ മേധാവി അകഞ്ച ശ്രീവാസ്തവ പറഞ്ഞു.

ഇതുപോലുള്ള ആക്രമണങ്ങള്‍ നേരിടുമ്പോള്‍ ആരെയാണ് ഇത് അറിയിക്കണ്ടത് എന്നതിനെക്കുറിച്ച് പലര്‍ക്കും ധാരണയില്ലെന്ന് എന്‍.സി.ഡബ്ല്യു ചെയര്‍പേഴ്സന്‍ രേഘ ശര്‍മ്മ പറഞ്ഞു. എല്ലാ ജില്ലകളിലും സൈബര്‍ പൊലീസ് സംവിധാനമുണ്ട്. ഇതുപോലുള്ള എന്ത് പ്രശ്നങ്ങള്‍ക്കും സൈബര്‍ പൊലീസിനെ സമീപിക്കാം. രേഘ ശര്‍മ്മ പറഞ്ഞു. സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ ജാഗ്രത പാലിക്കണമെന്നും രേഘ കൂട്ടിച്ചേര്‍ത്തു. ഇവരിടെ സ്ത്രീകള്‍ എങ്ങനെ സ്വയം സംരക്ഷിക്കാം എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും അവര്‍ പറഞ്ഞു