‘നാവ് ഉളുക്കുന്ന’ വാക്കുമായി ചിദംബരത്തിന് ശശി തരൂരിന്റെ പിന്തുണ

 

 

ഐ‌എൻ‌എക്സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണ ഏജൻസികൾ കേന്ദ്രമന്ത്രി പി ചിദംബരത്തെ അറസ്റ്റ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ ട്വിറ്റർ കുറിപ്പിലൂടെ ചിദംബരത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവും എം.പി യുമായ ശശി തരൂർ. അവസാനം നീതി തന്നെ വിജയിക്കും എന്ന് പറഞ്ഞ ശശി തരൂർ തന്റെ പതിവ് ശൈലിക്ക് അനുസൃതമായി ഇംഗ്ലീഷിലെ നാവു കുഴക്കുന്ന ഒരു വാക്കും എടുത്തു പ്രയോഗിക്കാൻ ഈ സന്ദർഭത്തെ ഉപയോഗപ്പെടുത്തി.

കഴിഞ്ഞ വർഷം ചിദംബരം ഒരു ദിനപത്രത്തിന് നൽകിയ “പേടിച്ച് ഓടുന്ന ഒരു വ്യക്തിക്ക്, ഓരോ നിഴലും ഒരു പിശാചായിരിക്കും.” എന്ന ഉദ്ധരണിയെ പരാമർശിച്ചാണ് ശശി തരൂരിന്റെ ട്വീറ്റ്.

“നന്നായി പറഞ്ഞു @PChidambaram_IN!  ഈ വേട്ടയാടല്ലിനേയും സ്വഭാവഹത്യയെയും ധൈര്യത്തോടും ആത്മവിശ്വാസത്തോടും കൂടെ നിങ്ങൾ നേരിടുന്നു എന്നത് നിങ്ങളുടെ മനക്കരുതിന്റെ പ്രതിഫലനമാണ്. അവസാനം നീതി തന്നെ വിജയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതുവരെ, അന്യരുടെ ദുര്‍ഭാഗ്യങ്ങളില്‍ അതിയായി ആഹ്ലാദിക്കുന്ന ക്ഷുദ്ര മനസ്സുകളെ കണ്ടില്ലെന്ന് നടിക്കാം.” ട്വീറ്റിർ കുറിപ്പിൽ ശശി തരൂർ പറഞ്ഞു.

“അന്യരുടെ ദുര്‍ഭാഗ്യങ്ങളില്‍ അതിയായി ആഹ്ലാദിക്കുന്ന ദുഷ്‌ടമനോഭാവം” എന്ന അർത്ഥം വരുന്ന Schadenfreude എന്ന ജർമൻ/ഇംഗ്ലീഷ് വാക്കാണ് ശശി തരൂർ തന്റെ കുറിപ്പിൽ പതിവ് ശൈലിയിൽ ഉപയോഗിച്ചിരിക്കുന്നത്.