കോട്ടയത്ത് അഴിമതി ചോദ്യം ചെയ്ത വിവരാവകാശ പ്രവർത്തകന് ക്രൂര മർദ്ദനം; പൊലീസ് കേസെടുത്തു

അഴിമതി ചോദ്യം ചെയ്ത വിവരാവകാശ പ്രവർത്തകന് കോട്ടയം നഗരസഭയിൽ മർദ്ദനമേറ്റു. നിയമപ്രകാരം നൽകിയ ചോദ്യങ്ങൾക്ക് വിശദീകരണം ആവശ്യപ്പെടുന്നതിനിടെയാണ് വിവരാവകാശ പ്രവർത്തകനായ മഹേഷ് വിജയന് മർദ്ദനമേറ്റത്. നഗരസഭയിലെ കരാർ എടുക്കുന്ന കോൺട്രാക്ടർമാരാണ് മർദ്ദിച്ചതെന്ന് മഹേഷ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വിവരാവകാശ നിയമ പ്രകാരം നൽകിയ കത്തിന് മറുപടി തേടി നഗരസഭയിൽ എത്തിയതായിരുന്നു മഹേഷ് വിജയൻ. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് എന്‍ജീനിയറോട് വിശദാംശങ്ങൾ തിരക്കി മടങ്ങുന്നതിനിടെ നഗരസഭയിലുണ്ടായിരുന്ന ചിലർ മഹേഷനെ കൈയേറ്റം ചെയ്യുകയായിരുന്നു. തല ഭിത്തിയിൽ പിടിച്ച് ഇടിപ്പിച്ച ശേഷം ക്രൂരമായി മർദ്ദിച്ചു.

മഹേഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടുത്ത കാലത്തായി നഗരസഭയുടെ കീഴിൽ നിരവധി അനധികൃത നിർമ്മാണങ്ങളും മണ്ണെടുപ്പും നടക്കുന്നുണ്ട്. ഇതിനെതിരെ വിവരാവകാശ നിയമ പ്രകാരം ചോദ്യങ്ങൾ ഉന്നയിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് മഹേഷ് പറയുന്നു.