“രാഷ്ട്രീയ-ബാങ്ക്-കോർപ്പറേറ്റ് അവിശുദ്ധ കൂട്ടുകെട്ട്”; പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതി നൽകുന്ന പാഠങ്ങൾ

 

പഞ്ചാബ് & മഹാരാഷ്ട്ര സഹകരണ ബാങ്കിൽ (പിഎംസിബി) ഉണ്ടായ അഴിമതിയിൽ ആയിരക്കണക്കിന് നിക്ഷേപകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. 2019 മാർച്ച് 31 വരെ 11,617 കോടി രൂപ നിക്ഷേപമുണ്ടായിരുന്ന ബാങ്ക്, നിലവിൽ പാപ്പരത്ത നടപടികളെ അഭിമുഖീകരിക്കുന്ന ഒരു ക്ലയന്റ്-റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ഹൗസിംഗ് ഡെവലപ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് (എച്ച്ഡിഐഎൽ) വൻതോതിൽ വായ്പ നൽകാനായി റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ ലംഘിക്കുകയായിരുന്നു.

ബാങ്കിംഗ് മേഖലയില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ സമ്പത്തിക ക്രമക്കേടാണ് മുംബൈ ആസ്ഥാനമായുള്ള പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ- ഓപ്പറേറ്റീവ് ബാങ്കില്‍ (പി.എം.സി) അരങ്ങേറിയതെന്ന് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കോടതിയില്‍ സമര്‍പ്പിച്ച പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു. നിഷ്‌ക്രിയ ആസ്തി മറച്ചുവെച്ച് വായ്പ അനുവദിച്ചതിലൂടെ 4,335 കോടി രൂപ നഷ്ടമാണ് ബാങ്കിന് വന്നിരിക്കുന്നത്. ചേരി വികസന പദ്ധതികളുടെ നടത്തിപ്പിലൂടെ ശ്രദ്ധ നേടിയ എച്ച്ഡിഐഎല്ലുമായി ബന്ധപ്പെട്ട നിഷ്‌ക്രിയ ആസ്തി മറയ്ക്കാനായി 21,049 വ്യാജ അക്കൗണ്ടുകള്‍ പി.എം.സി ഉണ്ടാക്കിയതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ട ബാങ്ക് മാനേജിങ് ഡയറക്ടറും മലയാളിയുമായ ജോയ് തോമസ് ക്രമക്കേടുകൾ നടത്തിയതായി സമ്മതിക്കുകയും ചെയ്തു.

ഇതേതുടർന്ന് റിസർവ് ബാങ്ക് പിഎംസിബിക്ക് ആറ് മാസത്തേക്ക് വായ്പ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്- ഒരു ഉപഭോക്താവിന് 10,000 രൂപ എന്ന നിരക്കിൽ. ഇത് നിക്ഷേപകരിൽ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. വഞ്ചനയ്ക്ക് ബാങ്കിന്റെ മുൻ മേധാവികൾക്കെതിരെയും എച്ച്ഡി‌എല്ലിന്റെ പ്രൊമോട്ടർമാർക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും നൽകിയിട്ടുണ്ട്. എന്നാൽ പി‌എം‌സി‌ബി നിക്ഷേപകർക്ക് അവരുടെ പണം സുരക്ഷിതമാണെന്ന് ഉറപ്പുനൽകാൻ ഇതുകൊണ്ടൊന്നും സാധിക്കുന്നില്ല എന്നതാണ് വാസ്തവം.

പി.എം.സി ബാങ്കിന്റെ നടത്തിപ്പിനായി റിസര്‍വ് ബാങ്ക് നിയോഗിച്ച അഡ്മിനിസ്ട്രേറ്റര്‍ മുന്‍ മാനേജ്മെന്റിന്റെ സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് കേസെടുത്തത്. കിട്ടാക്കടങ്ങള്‍ മറച്ചുവെച്ച് ഒരു പതിറ്റാണ്ടായി പിഎംസി. ബാങ്ക് റിസര്‍വ് ബാങ്കിനെ കബളിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ 17 ന് ബാങ്കിനുള്ളില്‍ നിന്നുതന്നെ റിസര്‍വ് ബാങ്കിന് ഒരു കത്ത് ലഭിച്ചിരുന്നു.

ബാങ്ക് ചെയര്‍മാന്‍ വാര്യം സിംഗിനും എം.ഡി ജോയ് തോമസിനും എതിരേ ചുമത്തിയിരിക്കുന്നത് വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ്. എച്ച്.ഡി.ഐ.എല്‍ പ്രൊമോട്ടര്‍മാരായ രാകേഷ് കുമാര്‍ വാധവാന്‍, സാരംഗ് വാധവാന്‍ എന്നിവരാണ് മുഖ്യ പ്രതികള്‍.

എച്ച്.ഡി.ഐ.എല്‍ കമ്പനിയുടെ പ്രൊമോട്ടര്‍മാരായ വാധാവന്‍ കുടുംബത്തിന്റെ സ്വന്തം ബാങ്കായാണ് പി.എം.സി മിക്കവാറും പ്രവര്‍ത്തിച്ചുപോന്നിരുന്നതെന്ന് ജോയ് തോമസ് അധികൃതര്‍ക്കു നല്‍കിയ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ബാങ്കിനെ നല്ല നിലയിലെത്തിക്കാനായത് ഈ കുടുംബത്തിന്റെ പിന്തുണയാലാണ്. പ്രതിസന്ധികളിൽ അവര്‍ ബാങ്കിനെ വലിയ നിക്ഷേപങ്ങളിലൂടെ സഹായിച്ചു. 2004 ല്‍ ബാങ്ക് വലിയൊരു വിപത്തു നേരിട്ടപ്പോള്‍, രാകേഷ് കുമാര്‍ വാധവാന്‍ 100 കോടി രൂപ നിക്ഷേപിച്ചു. താമസിയാതെ, ബാങ്കിന്റെ 60 % ഇടപാടുകളും എച്ച്ഡിഎല്‍ ഗ്രൂപ്പുമായി മാത്രമായി.

രാകേഷ് കുമാര്‍ വാധവാന്‍ ബാങ്കുമായി ബാങ്കിംഗ് ആരംഭിച്ച കാലം മുതല്‍, അദ്ദേഹത്തിന്റെ എല്ലാ അക്കൗണ്ടുകളുടെയും പ്രകടനം മികച്ചതായിരുന്നു എന്ന് തോമസ് തന്റെ കത്തില്‍ പറയുന്നു. കാലാകാലങ്ങളില്‍ ഈ അക്കൗണ്ടുകള്‍ ഓവര്‍ ഡ്രോ ചെയ്യപ്പെടുമെങ്കിലും യഥാസമയം റെഗുലറൈസ് ചെയ്യപ്പെട്ടുപോന്നു. അവര്‍ എടുത്ത വായ്പകള്‍ക്ക് 18-24 ശതമാനം പലിശ ഈടാക്കിയിരുന്നതിലൂടെ ബാങ്ക് വളര്‍ന്നു. അതേസമയം, ഓഡിറ്റര്‍മാരുടെ അശ്രദ്ധയും റിസര്‍വ് ബാങ്കിന്റെ കര്‍ക്കശ നിലപാടുകളുമാണ് ബാങ്കിനെ കുരുക്കിലാക്കിയതെന്നും പി.എം.സിക്ക് ബോധ്യതകളേക്കാള്‍ പല മടങ്ങ് ആസ്തിയുള്ളതിനാല്‍ നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും കത്തില്‍ പറയുന്നു.

രാഷ്ട്രീയ-ബാങ്ക്-കോർപ്പറേറ്റ് അവിശുദ്ധ കൂട്ടുകെട്ട് വളരെക്കാലമായി ഇന്ത്യൻ ബാങ്കിംഗ് മേഖലയെ ക്ഷതമേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. കോർപ്പറേറ്റ് വമ്പന്മാരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുത്ത് പകരം പ്രതിഫലം കൈപറ്റുന്നതിനായി രഷ്ട്രീയക്കാർ തങ്ങളുടെ സ്വാധീന ശക്തിയാൽ ബാങ്കുകളെ ഉപയോഗപ്പെടുത്തുന്നു. നിലവിൽ പൊതുമേഖലാ ബാങ്കുകൾ എട്ട് ലക്ഷം കോടി രൂപയുടെ വായ്‌പ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, ഇതിൽ ഭൂരിഭാഗവും “രാഷ്ട്രീയക്കാർ-ബാങ്കർ-കോർപ്പറേറ്റ്” അവിശുദ്ധ ബന്ധത്തെ തുടർന്നാണ് ഉണ്ടായിരിക്കുന്നത്. റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 2018 ൽ 1,551 നഗര സഹകരണ ബാങ്കുകൾ ആണുള്ളത്, 2004 ൽ ഇത് 1,926 ആയിരുന്നു ഇത് ഇത്തരം ബാങ്കുകളുടെ പരാജയത്തിന്റെ ഉയർന്ന തോതിലേക്ക് വിരൽ ചൂണ്ടുന്നു. ഇത്തരം ബാങ്കുകൾ പലപ്പോഴും 25 ലക്ഷം രൂപയിൽ താഴെയുള്ള ചെറിയ മൂലധന അടിത്തറയിൽ ആണ് ആരംഭിക്കുന്നത്, ഇത് അവയെ കൂടുതൽ ദുർബലമാക്കുന്നു. കോർപ്പറേറ്റ് ഭരണം സ്വകാര്യ ബാങ്കുകളിൽ ഗുരുതരമായ പ്രശ്നമാണെങ്കിലും സഹകരണ ബാങ്കിംഗ് മേഖലയിൽ ഇത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നതും ഒരു ഗുരുതര പ്രശ്‌നമാണ്. ബാങ്കിന്റെ ഓഡിറ്റർമാർ, റിസർവ് ബാങ്ക്, സർക്കാർ സംവിധാനങ്ങൾ എന്നിവരുടെ അലമ്പാവവും പി‌എം‌സി‌ ബാങ്ക് പ്രതിസന്ധിക്ക് കാരണമായി എന്നുവേണം കരുതാൻ.

 

കടപ്പാട്: ഇന്ത്യ ടുഡേ, ധനം ഓൺലൈൻ