'പി.ടി തോമസിന് പിണറായി വിജയനെ മനസ്സിലായിട്ടില്ല, ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആരുടെയും മുന്നില്‍ തലയുയര്‍ത്തി പറയാം'; മുഖ്യമന്ത്രി

നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ രോഷാകുലനായി പിണറായി വിജയൻ. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് പി ടി തോമസ് അവതരിപ്പിച്ച അടിയന്തര പ്രമേയമാണ് രൂക്ഷമായ ഏറ്റുമുട്ടലിന് വേദിയായത്. പിണറായി വിജയനെ പി.ടി തോമസിന്​ ഇതുവരെ മനസിലായിട്ടില്ലെന്ന്​ മുഖ്യ​ന്ത്രി പറഞ്ഞു. പ്രമേയ അവതാരകനെ നിയന്ത്രിക്കാൻ പ്രതിപക്ഷ നേതാവിന്​ കഴിയുന്നില്ല. അദ്ദേഹം വേറെ ഗ്രൂപ്പായതിനാലാണ് ചെന്നിത്തലക്ക്​ നിയന്ത്രിക്കാൻ സാധിക്കാത്തതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

എന്തും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റരുത്​. പിടി തോമസിന് പിണറായിയെ മനസ്സിലായിട്ടില്ല. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആരുടെയും മുന്നില്‍ തലയുയര്‍ത്തി പറയാം. അതു പറയാനുള്ള കരുത്ത് ഈ നെഞ്ചിനുണ്ട്. ലാവ്​ലിൻ കേസിൽ തന്നെ പ്രതിയാക്കാൻ കുറേ ശ്രമിച്ചതല്ലേ. എന്‍റെ കൈകൾ ശുദ്ധമായതു കൊണ്ടാണ്​ അത്​ പറയാനുള്ള ആർജ്ജവമുണ്ടാവുന്നതെന്നും പിണറായി പറഞ്ഞു. നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ സംഭവിച്ചപ്പോൾ ശിവശങ്കറിനെതിരെ നടപടി സ്വീകരിച്ചു. ലൈഫ്​ മിഷൻ സി.ഇ.ഒ, യു.വി ജോസ്​ ഏത്​ കേസിലാണ്​ പ്രതി. സി.എം രവീന്ദ്രനെ ഇതുവരെ ഒരു കേസിലും പ്രതിയാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശിവശങ്കർ കെ.എസ്​.ഇ.ബി ചെയർമാനും ഊർജ്ജ സെക്രട്ടറിയുമായത്​ ആരുടെ ഭരണകാലത്താണെന്ന്​ മുഖ്യമന്ത്രി ചോദിച്ചു. ശിവശങ്കറിന്​ ഐ.എ.എസ്​ ലഭിക്കുന്നത്​ ​ ആന്‍റണിയുടെ ഭരണകാലത്താണെന്നും പിണറായി ചൂണ്ടിക്കാട്ടി​.

തന്റെ മകളുടെ വിവാഹത്തിന് സ്വപ്‌ന വന്നിട്ടില്ല. തന്റെ കുടുംബത്തിലെ ആരെയും ചോദ്യം ചെയ്തിട്ടില്ല. താനൊരു പ്രത്യേക ജനുസ്സാണ്. അത് നിങ്ങള്‍ക്ക് മനസ്സിലാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണക്കടത്തു കേസില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ കുറ്റക്കാരനാക്കുന്നത് വികല മനസ്സിന്റെ വ്യാമോഹം മാത്രമാണ്. രവീന്ദ്രനെതിരെ ഒന്നും കണ്ടെത്തിയിട്ടില്ല. നടക്കുന്നത് വിവര ശേഖരണം മാത്രമാണ്. എന്‍ഐഎ കുറ്റപത്രം പ്രതിപക്ഷം കാണണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ആവശ്യപ്പെട്ടു.

ഗീബല്‍സിന്റെ ശിഷ്യന്മാരെ വിശ്വസിപ്പിക്കാനാവില്ല. ഇക്കാര്യങ്ങളൊന്നും ജനം വിശ്വസിക്കുന്നില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയം ആയതിനാല്‍ കൂടുതല്‍ പറയുന്നില്ല. സ്വര്‍ണക്കടത്തിന്റെ അടിവേര് അറുക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. അന്വേഷണത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ അന്വേഷണ വിധേയമായി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കടത്ത്​ കേസിൽ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ്​ പ്രമേയം അവതരിപ്പിച്ച്​ പി.ടി തോമസ്​ ഉന്നയിച്ചത്​. ശിവശങ്കർ പ്രതിയായ കേസുകളിലെല്ലാം ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്​. ശിവങ്കർ സ്വപ്​നസുന്ദരിക്കൊപ്പം കറങ്ങിയപ്പോൾ തടയാൻ സാധിച്ചില്ല. പരസ്യവും കിറ്റും നൽകി എന്നും ജനങ്ങളെ പറ്റിക്കാനാവില്ലെന്നും പി.ടി തോമസ്​ പറഞ്ഞിരുന്നു.