സ്ത്രീകൾക്ക് ഒരു വിലയുമില്ലാത്ത ഇന്ത്യയിലെ സംസ്ഥാനം യു പിയെന്ന് പ്രിയങ്ക

 മരണത്തിനു കീഴടങ്ങിയ ഉന്നാവ് പെൺകുട്ടിയുടെ ബന്ധുക്കളുടെ സങ്കടത്തിൽ പങ്കുചേർന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി . ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  കുറ്റവാളികൾക്ക് ഈ സംസ്ഥാനത്തു സ്ഥാനമില്ല എന്ന് മുൻപ് പ്രസ്താവിച്ചിരുന്നു . എന്നാൽ ഇന്ന് അതേ  പ്രസ്താവന ചൂണ്ടിക്കാട്ടി പ്രിയങ്ക ഗാന്ധി പറയുന്നത് , അദ്ദേഹം ഈ സംസ്ഥാനത്തു വനിതകൾക്ക് സ്ഥാനമില്ലാതാക്കി തീർത്തിരിക്കുന്നു എന്നാണ്.
          ” ക്രൂരതയ്ക്ക് ഇരയായ പെൺകുട്ടിയുടെ കുടുംബം കഴിഞ്ഞ ഒരു വർഷമായി ഉപദ്രവങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. കുറ്റവാളികൾക്ക് ബിജെപിയുമായി ബന്ധമുള്ളതായി ഞാൻ കേട്ടു.അതിനാലാവണം അവർ ഇത്രയും സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ കുറ്റവാളികൾക്ക് നിയമങ്ങളോടുള്ള ഭയം ഇല്ലാതായിരിക്കുന്നു.” – പ്രിയങ്ക ഗാന്ധി  പറഞ്ഞു.
ഉന്നാവ് ജില്ലയിൽ തന്നെ ബിജെപി എം ൽ എ  കുൽദീപ് സെൻഗാലിനു നേരെ പീഡനക്കുറ്റം ആരോപിച്ച യുവതിയുടെ വാഹനം ട്രക്കുമായി ഇടിച്ച സംഭവം ഉണ്ടായിട്ടുകൂടി ഈ പെൺകുട്ടിക്ക് മതിയായ സംരക്ഷണം നൽകാത്തതിനെ പ്രിയങ്ക  ചോദ്യം ചെയ്തു.
                             ഈ  പെൺകുട്ടിക്ക്  നീതി ലഭിക്കാത്തതു സമൂഹത്തിൻറെയകെയുള്ള തോൽവിയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നു പ്രിയങ്ക കൂട്ടിച്ചേർത്തു . ” ഒരു സമൂഹം എന്ന  നിലയ്ക്ക് നമ്മൾ എല്ലാവരും ഈ പെൺകുട്ടിയുടെ മരണത്തിൽ  പശ്ചാത്തപിക്കേണ്ടിയിരിക്കുന്നു.  ഉത്തർപ്രദേശിലെ പൊള്ളയായ നിയമവാഴ്ചയെക്കൂടിയാണ് ഇതിലൂടെ കാണാൻ കഴിയുന്നത്  .” പ്രിയങ്ക ഗാന്ധി പറഞ്ഞു.
                                        സംഭവത്തെകുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെ- ” മനുഷ്യകുലത്തിനെയാകെ ലജ്ജിപ്പിച്ച , അങ്ങേയറ്റം പ്രകോപനപരവും ഞെട്ടിപ്പിക്കുന്നതുമായ സംഭവമാണിത് .”  പെൺകുട്ടിയുടെ മരണത്തിൽ അദ്ദേഹം  അനുശോചനം  അറിയിച്ചു.
   കുറ്റവാളികൾക്ക് നേരെ കടുത്ത ശിക്ഷ നടപടി ആവശ്യപ്പെട്ടുകൊണ്ട് ലക്‌നൗവിലെ ബിജെപി ഓഫീസിനു മുൻപിൽ കോണ്ഗ്രസ് നേതാക്കൾ നടത്തിയ പ്രതിഷേധ മാർച്ചിൽ ലാത്തിച്ചാർജ് ഉണ്ടായതും ശ്രദ്ധേയമായി. 90 ശതമാനം പൊള്ളലോടുകൂടി ഡൽഹി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട 23 വയസ്സുകാരി പെൺകുട്ടി വെള്ളിയാഴ്ച രാത്രി മരണത്തിനു കീഴടങ്ങുകയായിരുന്നു.