ശിശുക്ഷേമ സമിതിക്ക് കെെമാറിയ കുട്ടികളെ ഉപദ്രവിച്ചെന്ന പരാതി; പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു

തിരുവന്തപുരത്ത് പട്ടിണി മൂലം ശിശുക്ഷേമ സമിതിക്ക് കെെമാറിയ നാല് കുട്ടികളുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു .കുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് ഇവരുടെ അച്ഛനായ കുഞ്ഞിമോനെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്‍തത്. വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ നാലു പിഞ്ചുമക്കളെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് അമ്മ വിട്ടുകൊടുത്തത് ദിവസങ്ങള്‍ക്ക് മുമ്പാണ്.

ആറ് കുഞ്ഞുങ്ങളുള്ള ഈ അമ്മ തിരുവനന്തപുരം നഗരത്തിലെ കൈതമുക്കിലെ പുറമ്പോക്കിലായിരുന്നു താമസം. ഫ്ലക്സും തുണിയും വെച്ച് മറച്ച കൂരയിൽ ആറു കുഞ്ഞുങ്ങളെയും ചേർത്ത് പിടിച്ചായിരുന്നു യുവതി താമസിച്ചിരുന്നത്. മൂത്ത കുട്ടിക്ക് ഏഴ് വയസ്സും ഏറ്റവും ഇളയ ആള്‍ക്ക് മൂന്ന് മാസം മാത്രവുമാണ് പ്രായം. മദ്യപാനിയായ ഭർത്താവ് കുഞ്ഞുമോന്‍ ഭക്ഷണത്തിനുള്ള വക തരാറുണ്ടായിരുന്നില്ല. വെള്ളനാട്ടെ ഡെയില്‍വ്യൂ കെയര്‍ഹോമില്‍ കഴിയുന്ന അമ്മയേും ആറ് മക്കളേയും കണ്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ ഇന്നലെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

അമ്മയും  ആറ് മക്കളും ഒരുമിച്ച് കഴിയാന്‍ വേണ്ടിയാണ് ശിശുക്ഷേമ സമിതിയില്‍  നിന്ന് കുട്ടികളെ അമ്മയുടെ അടുത്തേക്ക് എത്തിച്ചത്. കുട്ടികളെ സ്കൂളില്‍ അയക്കുന്ന  കാര്യത്തിലും, സ്ഥിരം താമസസൗകര്യം ഒരുക്കുന്ന കാര്യത്തിലും രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.