കൂറ്റന്‍ അട്ടിമറിയുമായി അഫ്ഗാന്‍, പാകിസ്ഥാന്‍ തകര്‍ന്നടിഞ്ഞു

ലോക കപ്പ് ഒരുക്കത്തിന്റെ ഭാഗമായി നടന്ന സന്നാഹമത്സരത്തില്‍ പാകിസ്ഥാനെ തോല്‍പിച്ച് അഫ്ഗാനിസ്ഥാന്‍. മൂന്ന് വിക്കറ്റിനാണ് പാകിസ്ഥാനെ അഫ്ഗാനിസ്ഥാന്‍ തോല്‍പിച്ചത്. ഇംഗ്ലണ്ടിലെ പാകിസ്ഥാന്റെ തുടര്‍ച്ചയായ അഞ്ചാം പരാജയമാണിത്. നേരത്തെ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ നാല് മത്സരത്തില്‍ തുടര്‍ച്ചയായി പാകിസ്ഥാന്‍ തോറ്റിരുന്നു.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന്‍ 47.5 ഓവറില്‍ 262ന് എല്ലാവരും പുറത്തായി. അഫ്ഗാന്‍ 49.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഹഷ്മത്തുള്ള ഷഹീദി (74) മുഹമ്മദ് നബി (34), ഹസ്രത്തുള്ള സസൈ (49), റഹമത്ത് ഷാ (32) എന്നിവരാണ് അഫ്ഗാന്റെ വിജയം എളുപ്പമാക്കിയത്. പാകിസ്ഥാനായി ബാബര്‍ അസമിന്റെ സെഞ്ച്വറി പാഴായി.

പാകിസ്ഥാന് വേണ്ടി വബാഹ് റിയാസ് മൂന്നും ഇമാദ് വസീം രണ്ടും വിക്കറ്റ് വീഴ്ത്തി. ജുനൈദ് ഖാന് പകരം പാക് ടീമിലെത്തിയ വഹാബ് റിയാസ് 704 ഓവറില്‍ 46 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് നേടിയത്. മുഹമ്മദ് ആമിറിന് വിക്കറ്റ് നേടാന്‍ സാധിച്ചില്ല.

നേരത്തെ, ബാബര്‍ അസമിന്റെ (108 പന്തില്‍ 112) സെഞ്ച്വറിയാണ് പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഷൊയ്ബ് മാലിക് 44 റണ്‍സെടുത്ത് പുറത്തായി. മുഹമ്മദ് നബി അഫ്ഗാനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ദ്വാളത് സദ്രാന്‍, റാഷിദ് ഖാന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്.

ഇമാം ഉള്‍ ഹഖ് (32), ഫഖര്‍ സമാന്‍ (19), ഹാരിസ് സൊഹൈല്‍ (1), മുഹമ്മദ് ഹഫീസ് (12), സര്‍ഫറസ് അഹമ്മദ് (13), ഇമാദ് വസീം (18), ഹസന്‍ (6), ഷബാദ് ഖാന്‍ (1) എന്നിവരാമ് പുറത്തായ മറ്റു താരങ്ങള്‍. വഹാബ് റിയാസ് (1) പുറത്താവാതെ നിന്നു. അഫ്താബ് ആലം, ഹമിദ് ഹസന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.