സഭാതര്‍ക്കത്തില്‍ ഓര്‍ഡിനന്‍സ് സമവായം ഇല്ലാത്തു കൊണ്ടെന്ന് മുഖ്യമന്ത്രി

ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാതര്‍ക്കത്തില്‍ ഓര്‍ഡിനന്‍സ് സമവായം ഇല്ലാത്തതിനാലാണ് കൊണ്ടു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം ഓര്‍ഡിനന്‍സ് നിയമവിരുദ്ധമല്ലെന്നും സുപ്രീം കോടതി നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൃതദേഹ സംസ്‌കാരവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മിലുണ്ടായ തര്‍ക്കം വലിയ പ്രതിസന്ധികള്‍ കാരണമായിരുന്നു. ഇതു പരിഹരിക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍റുടെ അംഗീകാരത്തിന് സമര്‍പ്പിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് നിയമവിരുദ്ധമല്ലെന്ന്  മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഓര്‍ഡിനന്‍സില്‍ നിയമവിരുദ്ധ ഇടപെടലുകളുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീം കോടതി വിധിക്കു ശേഷം ക്രമസമാധാന പ്രശ്നമുണ്ടാകാതെ പ്രശ്നപരിഹാരത്തിനായി രണ്ടു കൂട്ടരുമായി ആലോചിക്കാന്‍ മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചിരുന്നു. പല തവണ ചര്‍ച്ചയ്ക്ക് വിളിച്ചുവെങ്കിലും ഒരു വിഭാഗം മാത്രം ചര്‍ച്ചയ്ക്ക് വന്നില്ല. ചില ക്രൈസ്ത സഭാ നേതാക്കളും മദ്ധ്യസ്ഥ ചര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും ഒത്തുതീര്‍പ്പിന് കഴിഞ്ഞില്ല. ഗവര്‍ണറും ഒത്തുതീര്‍പ്പിനു ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.

ഒരു ഇടവകയിലെ ഒരംഗം മരിച്ചാല്‍ ആ പള്ളിയിലെ സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്‌കാരത്തിന് അവകാശമുണ്ടായിരിക്കും. ബന്ധുക്കള്‍ക്ക് മരണാനന്തര ചടങ്ങുകള്‍ സെമിത്തേരിയില്‍ വേണ്ടെന്നു വെയ്ക്കാനും അവര്‍ക്ക് താത്പര്യമുള്ള പുരോഹിതനെ വെച്ച് മറ്റു സ്ഥലങ്ങളില്‍ നടത്താനും അവകാശമുണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read more

അതേസമയം, സര്‍ക്കാരിന്റേത് ധീരമായ തീരുമാനമെന്ന് യാക്കോബായ സഭ പ്രതികരിച്ചു. സുപ്രീം കോടതി വിധിയാണ് നിയമമെന്ന് ഓര്‍ത്തഡോക്‌സ് സഭ പറഞ്ഞു.