ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണം, അല്ലെങ്കില്‍ പാകിസ്ഥാന് വെള്ളം നല്‍കുന്നത് ഇന്ത്യക്ക് നിര്‍ത്തേണ്ടി വരും; മുന്നറിയിപ്പുമായി നിതിന്‍ ഗഡ്ഗരി

പാകിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യയിലെ നദികളില്‍ നിന്നും പാകിസ്ഥാന് വെള്ളം നല്‍കുന്നത് നിര്‍ത്തേണ്ടി വരുമെന്നാണ് ഗഡ്കരിയുടെ മുന്നറിയിപ്പ്. നിലവിലെ ജലവിതരണ കരാര്‍ ഇന്ത്യ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും പാകിസ്ഥാന് നല്‍കുന്ന വെള്ളം പകരം ഹരിയാല, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലേയ്ക്ക് വഴി തിരിച്ചു വിടുമെന്നും ജലഗതാഗത വകുപ്പ് മന്ത്രി ഗഡ്കരി പറഞ്ഞു.

“മൂന്ന് നദികളില്‍ നിന്നാണ് ഇപ്പോള്‍ പാകിസ്ഥാനിലേക്ക് വെള്ളം എത്തുന്നത്. ഞങ്ങള്‍ക്ക് അത് അവസാനിപ്പിക്കണമെന്നില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ജല ഉടമ്പടി ഇരുരാജ്യവും തമ്മിലുള്ള സമാധാനവും സൗഹൃദവും മുന്‍നിര്‍ത്തിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പൂര്‍ണമായും ഇല്ലാതായിരിക്കുന്നു. അതുകൊണ്ട് തന്നെ ഇനി ഈ കരാര്‍ തുടരേണ്ട കാര്യം നമുക്കില്ല”- പറഞ്ഞു.

പാകിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. അത് ഇനിയും നിര്‍ത്തിയില്ലെങ്കില്‍ നമുക്ക് വേറെ വഴിയില്ല. പാകിസ്ഥാന് വെള്ളം നല്‍കുന്നത് നിര്‍ത്തുമെന്ന് ഗഡ്കരി വ്യക്തമാക്കി.

“ഇന്ത്യയും പാകിസ്ഥാനുമായി വിഭജിച്ചപ്പോള്‍ മൂന്ന് നദികള്‍ പാകിസ്ഥാനും മൂന്ന് നദികള്‍ ഇന്ത്യയ്ക്കും നല്‍കി. എന്നിരുന്നാലും പാക്കിസ്ഥാന് നദീജലം നല്‍കുന്നത് ഇന്ത്യ തുടര്‍ന്നു. എന്നാലിപ്പോള്‍ ആ ജലം യമുന പ്രോജക്ട് വഴി യമുനാനദി പരിപോഷിപ്പിക്കാന്‍ ഉപയോഗിക്കും.” എന്നായിരുന്നു പൊതുറാലിയില്‍ ഗഡ്കരി പറഞ്ഞത്

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് വെള്ളം നല്‍കുന്നത് തടയണമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. പാകിസ്ഥാന് വെള്ളം കിട്ടാതിരിക്കാന്‍ നദികള്‍ വഴിതിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.