കർണാടകയിലെ പ്രധാന ന​ഗരങ്ങളിൽ സ്ഫോടനം നടത്താൻ ജമാ അത്തുൽ മുജാഹിദ്ദീൻ പദ്ധതിയിട്ടിരുന്നു; എൻ.ഐ.എ

ബംഗളൂരു നോർത്തിലെ സോളദേവനഹള്ളിയിലെ വീട്ടിൽ നിന്നും ബോംബ് നിർമ്മിക്കുന്ന വസ്തുക്കൾ കണ്ടെടുത്തു. പശ്ചിമ ബം​ഗാളിലെ ബർദ്വാനിൽ 2014- ലുണ്ടായ ബോംബ് സ്ഫോടനം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എൻ.ഐ.എ സംഘമാണ് ഇവ കണ്ടെടുത്തത്.

ഇലക്ട്രോണിക് ഉപകരണ വസ്തുക്കളും ബോംബ് നിർമ്മിക്കുന്നതിനാവശ്യമായ സ്ഫോടക വസ്തുക്കളുടെ ശേഖരവുമാണ് കണ്ടെത്തിയത്.

ഇതിന് മുമ്പ് അറസ്റ്റിലായ ജമാ അത്തുൽ മുജാഹിദ്ദീൻ പ്രവർത്തകനായ ഹബീബുർ റഹമാനിൽ (27) നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇയാൾ വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ നടത്തിയ അന്വേഷണത്തിലാണ് ബോംബു നിർമ്മാണത്തിനാവശ്യമായ വസ്തുക്കൾ കണ്ടെത്തിയത്.

കർണാടകത്തിലെ പ്രധാന ന​ഗരങ്ങളിൽ ബോംബ് സ്ഫോടനം നടത്താൻ ജമാ അത്തുൽ മുജാഹിദ്ദീൻ പദ്ധതിയിട്ടതായാണ് എൻ.ഐ.എക്ക് വിവരം ലഭിച്ചിരുന്നത്.

ബംഗാളിലെ സ്ഫോടനത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ എൻ..ഐഎ കർണാടകയിലെ ദൊഡ്ഡബെല്ലാപൂരിൽ നിന്നാണ് പിടികൂടിയത്. സ്ഫോടനം നടത്തിയ സംഭവത്തിലെ മുഖ്യ ആസൂത്രധാരിയായ ഇയാൾക്കെതിരെ രാജ്യദ്രോഹം ചുമത്തിയായിരുന്നു കേസെടുത്തത്.