സത്യത്തെ പരാജയപ്പെടുത്താനാവില്ല; കോൺ​ഗ്രസ് പുറത്താക്കിയതിന് പിന്നാലെ സച്ചിൻ പൈലറ്റ്

രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പി.സി.സി അദ്ധ്യക്ഷൻ പദവിയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി സച്ചിൻ പൈലറ്റ്. അച്ചടക്ക നടപടിക്ക് മറുപടിയായി ട്വിറ്ററിലൂടെയാണ് സച്ചിൻ പ്രതികരിച്ചത്.

സത്യത്തെ അവഹേളിക്കാനാവും, പരാജയപ്പെടുത്താനാവില്ലെന്ന് സച്ചിൻ പൈലറ്റ് ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പാർട്ടി നിയമസഭാകക്ഷി യോഗത്തിനു ശേഷമാണ് തീരുമാനം.

മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അശോക് ഗെലോട്ടിനെ മാറ്റാതെ യാതൊരു ഒത്തുതീർപ്പിനുമില്ലെന്ന് സച്ചിൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിനെയും അദ്ദേഹത്തിനൊപ്പമുള്ളവരെയും പാർട്ടി പദവികളിൽ നിന്നും മന്ത്രിസ്ഥാനങ്ങളിൽ നിന്നും നീക്കിയത്.

ബിജെപിയാണ് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പിന്നിലെന്ന് ആരോപിച്ച കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ബിജെപിയുമായി സച്ചിൻ പൈലറ്റ് ഒത്തുകളിച്ചെന്നും ആരോപിച്ചു.

ഗോവിന്ദ് സിംഗ് ഡോടാസരയാണ് പുതിയ പി.സി.സി. അദ്ധ്യക്ഷൻ. സച്ചിന്റെ വിശ്വസ്തരും മന്ത്രിമാരുമായ വിശ്വേന്ദ്രസിംഗ്, രമേഷ് മീണ എന്നിവരെയും മന്ത്രിസഭയിൽ നിന്ന് പുറത്താക്കി.