ഷംസീറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം, നസീറിനെതിരെയുള്ള ആക്രമണം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെതിരെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം സഭയില്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി. മൂന്ന് തവണ നസീറിനെ മൊഴി വായിച്ചു കേള്‍പ്പിച്ചതാണ്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. നസീറിനോട് സിപിഎമ്മിന് പകയോ വിരോധമോ ഇല്ല. തന്നെ ആക്രമിച്ച ആരുടേയും പേര് നസീര്‍ നേരത്തെ പറഞ്ഞിരുന്നില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം സഭയില്‍ ആവര്‍ത്തിച്ചു. കേസില്‍ തലശേരിയിലെ എംഎല്‍എ, എ എം ഷംസീറിന് പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ കുറ്റപ്പെടുത്തി. എന്തുകൊണ്ട് ഷംസീറിന്റെ മൊഴിയെടുക്കു ന്നില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം.

എംഎല്‍എ ഓഫീസിലേക്ക് വിളിച്ച് വരുത്തി എഎന്‍ ഷംസീര്‍ ഭീഷണിപ്പെടുത്തിയെന്ന് സിഒടി നസീര്‍ ആരോപിച്ചിരുന്നു. എഎന്‍ ഷംസീറിനെതിരായി സിഒടി നസീറിന്റെ ആരോപണങ്ങള്‍ പ്രതിപക്ഷം പലതവണ ഓര്‍മ്മിപ്പിച്ചെങ്കിലും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല. സിഒടി നസീറിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത് അടക്കമുള്ള കാര്യങ്ങളും പ്രതിപക്ഷം ശ്രദ്ധയില്‍ പെടുത്തി. പൊതുപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പ്രതിപക്ഷം നിയമസഭയില്‍ ആവര്‍ത്തിച്ചു. എന്നാല്‍ സംഭവത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വെച്ചാണ് സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.

Read more

തന്നെ ആക്രമിച്ചതിന് പിന്നില്‍ സിപിഎമ്മിലെ പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ടെന്നും സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും സി ഒ ടി നസീര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന പി ജയരാജനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും രംഗത്തെത്തിയിരുന്നു.