നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയം: ചടങ്ങില്‍ തിളങ്ങി ദിലീപും കാവ്യയും, ചിത്രങ്ങള്‍

നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ബിസിനസുകാരനായ ലത്തീഫ് ഉപ്പള ഗേറ്റിന്റെ മകന്‍ ബിലാല്‍ ആണ് ആയിഷയുടെ വരന്‍. വിവാഹനിശ്ചയ ചടങ്ങില്‍ തിളങ്ങി ദിലീപും കാവ്യ മാധവനും. നാദിര്‍ഷയും ദിലീപും കാവ്യയയും വര്‍ഷങ്ങളായി വളരെ അടുത്ത സുഹൃത്തുക്കളാണ്.

ദിലീപും നാദിര്‍ഷയും സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ അടുത്ത സുഹൃത്തുക്കളായിരുന്നു. നാളുകള്‍ക്ക് ശേഷം പൊതുവേദിയിലെത്തിയ ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തിരിക്കുന്നത്.

2016-ല്‍ ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. വിവാഹ ശേഷം അഭിനയരംഗത്ത് നിന്നും വിട്ടു നില്‍ക്കുന്ന കാവ്യ പൊതു പരിപാടികളില്‍ പ്രത്യക്ഷപ്പെടുന്നത് കുറവാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമല്ല. അതിനാല്‍ കാവ്യയുടെ ചിത്രങ്ങള്‍ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

നേരത്തെ ദിലീപിന്റെ നാടായ കരുമാലൂരില്‍ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദിലീപിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലാണ് ചിത്രം എത്തിയത്. സിനിമയിലേക്ക് കാവ്യയുടെ തിരിച്ചുവരവ് എന്നാകും എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.