240 സ്വകാര്യയാത്രകള്‍ക്ക് വ്യോമസേന വിമാനങ്ങള്‍ മോദി ഉപയോഗിച്ചത് സ്വന്തം ടാക്‌സിയായി; രാജീവ് ഗാന്ധിക്ക് എതിരെ മോദിയുടെ ആക്രമണത്തിന് മറുപടിയുമായി കോണ്‍ഗ്രസ്

അവധിക്കാലം ആഘോഷിക്കാന്‍ രാജീവ് ഗാന്ധി നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് വിരാടാണ് ഉപയോഗിച്ചെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്. ഇന്ത്യയുടെ വ്യോമസേനാ വിമാനങ്ങള്‍ സ്വകാര്യയാത്രയ്ക്കായി മോദി സ്വന്തം ടാക്‌സിയായി ഉപയോഗിച്ചെന്ന് കോണ്‍ഗ്രസ്.

“”നുണപ്രചാരണമാണ് താങ്കളുടെ അവസാനത്തെ ആയുധം. വ്യോമസേനാ വിമാനങ്ങള്‍ സ്വന്തം ടാക്‌സി പോലെയാണ് മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചത്. അതും വെറും 744 രൂപ വാടക നല്‍കി. – രാജീവ് ഗാന്ധിക്കെതിരെ മോദി നിരന്തരം നടത്തുന്ന ആക്രമണത്തിന് മറുപടിയായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

2014 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 240 സ്വകാര്യ യാത്രകളാണ് മോദി  നടത്തിയത്. എന്നാല്‍ വ്യോമസേനയ്ക്ക് 1.4 കോടി രൂപ മാത്രമാണ് ഇതിന് വാടകയായി നല്‍കിയത്. 2019 ജനുവരിയില്‍ നടത്തിയ ബലംഗീര്‍- പഥര്‍ഛെര യാത്രയ്ക്ക് 744 രൂപയാണ് വ്യോമസേനയ്ക്ക് നല്‍കിയതെന്നും രണ്‍ദീപ് പറഞ്ഞു.

ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് മോദി രാജീവ് ഗാന്ധി ക്കെതിരെ വിമര്‍ശനമഴിച്ചു വിട്ടത്.
സ്വകാര്യ ടാക്‌സി പോലെയാണ് ഐഎന്‍എസ് വിരാടിനെ ഗാന്ധി കുടുംബം ഉപയോഗിച്ചതെന്നായിരുന്നു മോദിയുടെ ആരോപണം.

Read more

രാജീവ് ഗാന്ധിയും കുടുംബവും 1987ല്‍ നടത്തിയ ലക്ഷദ്വീപ് അവധിക്കാല യാത്ര ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പരാമര്‍ശങ്ങള്‍. 10 ദിവസമാണ് ഐഎന്‍എസ് വിരാട് അവധിക്കാല യാത്രയ്ക്കായി ഉപയോഗിച്ചതെന്നും ഇതു ദേശീയ സുരക്ഷയിലെ വിട്ടുവീഴ്ചയല്ലേയെന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു.