'ആയിരം പേര്‍ക്കുള്ള ക്വാറന്റൈന്‍ സൗകര്യം പോലും ഒരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല'; പാസിൻറെ കാര്യത്തില്‍ മുഖ്യമന്ത്രി വാശി പിടിക്കരുതെന്ന് എം.കെ മുനീര്‍

രണ്ട് ലക്ഷം പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയെന്ന് അവകാശപ്പെടുന്ന സംസ്ഥാന സര്‍ക്കാരിന് ആയിരം പേര്‍ക്ക് പോലും ക്വാറന്റൈന്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ  മുനീര്‍. നിലവില്‍ സർക്കാർ ഒരുക്കിയ ക്വാറന്റൈന്‍  കേന്ദ്രങ്ങളെല്ലാം ഫുള്ളായി. ഇതോടെ ഇതര സംസ്ഥാനത്ത് നിന്ന് വരുന്നവര്‍ക്കടക്കം കൃത്യമായി ക്വാറന്റൈന്‍ ഒരുക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും എം.കെ മുനീര്‍ ആരോപിച്ചു. ഇവരെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ കളക്ടറേറ്റുകള്‍ക്ക് മുന്നില്‍ മുസ്ലിം ലീഗ് നടത്തിയ സമരത്തിന് കോഴിക്കോട് നേതൃത്വം കൊടുക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളെ സ്വീകരിച്ച പോലെ അന്യ സംസ്ഥാനത്തുള്ളവരേയും നമ്മള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇവരെ നാട്ടിലെത്തിക്കാന്‍ എന്താണ് യഥാര്‍ഥ പ്രശ്‌നമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ക്വാറന്റൈന്‍ സൗകര്യം സജ്ജമാണെന്ന് അവകാശപ്പെടുന്നവര്‍ ഇവരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ കൊണ്ടുപോവാന്‍ തയ്യാറാവണം. അവരെ ടെസ്റ്റ് നടത്താനും ഫലം നെഗറ്റീവോ പോസിറ്റീവോ ആണെന്ന് കണ്ടെത്താനും സൗകര്യമില്ലേ. ഇക്കാര്യങ്ങളെല്ലാം ചോദിക്കുമ്പോള്‍ മുഖം തിരിക്കുന്ന നടപടി ശരിയല്ലെന്നും മുനീര്‍ പറഞ്ഞു.

വിവിധ സംസ്ഥാനത്ത് നിന്ന് കെ.എം.സി.സിയുടെയടക്കം നേതൃത്വത്തില്‍ വാഹനങ്ങളും ഭക്ഷണവും എല്ലാം ഒരുക്കാന്‍ തയ്യാറാണ്. പക്ഷെ  അനുമതി ലഭിക്കുന്നില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വാശി പിടിക്കരുതെന്നും മുനീര്‍ പറഞ്ഞു. ദൂര സംസ്ഥാനത്തുള്ള തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കൊന്നും ഇതുവരെ പാസ് ലഭിച്ചിട്ടില്ല. പലരും തെരുവില്‍ നില്‍ക്കുകയാണ്. നോര്‍ക്കയില്‍ ബന്ധപ്പെടാനാണ് പറയുന്നതെങ്കിലും അവിടെ ബന്ധപ്പെടാന്‍ കഴിയുന്നില്ല. മുമ്പ് കര്‍ണാടക അതിര്‍ത്തി പൂട്ടിയപ്പോള്‍ മനുഷ്യത്വരഹിതമെന്ന് പറഞ്ഞ് സംസാരിച്ചയാളാണ് മുഖ്യമന്ത്രി. അതേ മുഖ്യമന്ത്രി തന്നെ ഇപ്പോള്‍ സ്വന്തം അതിര്‍ത്തി അടച്ചിടാന്‍ ആവശ്യപ്പെടുകയാണെന്നും മുനീര്‍ ആരോപിച്ചു.