മെട്രോ റെയിലിനായി കുടിയൊഴിപ്പിച്ച നിര്‍ധനകുടുംബം പെരുവഴിയില്‍

മെട്രോ റെയിലിനായി കുടിയൊഴിപ്പിച്ച നിര്‍ധനകുടുംബം ദുരിതത്തില്‍. വൈറ്റില പവര്‍ഹൌസിന് സമീപം നാലു സെന്റ് ഭൂമിയില്‍ താമസിച്ചിരുന്ന സഹോദരികളായ സുലേഖ, കുമാരി, സരള എന്നിവരുടെ കുടുംബങ്ങളാണ് പെരുവഴിയിലായത്. മൂവരുടെയും കുടുംബാംഗങ്ങളടക്കം 13 പേരാണ് ഈ നാലു സെന്റിലെ കൊച്ചുവീട്ടില്‍ താമസിച്ചിരുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഇവരെ കുടിയൊഴിപ്പിച്ചത്. 50 വര്‍ഷത്തിലേറെയായി താമസിച്ചിരുന്ന ഇവരുടെ വീടിരുന്ന സ്ഥലത്തിന് പട്ടയമില്ലായിരുന്നു. എങ്കിലും ആറ് മാസത്തിനകം പുനരധിവസിപ്പിക്കുമെന്നായിരുന്നു വാഗ്ദാനം. ആറ് മാസം വാടകവീട്ടില്‍ കഴിയാനായി 55,000 രൂപയും ജില്ലാ കലക്ടര്‍ നല്‍കി. സമീപത്തെ പുറമ്പോക്ക് ഭൂമിയില്‍ നാലു സെന്റ് ഭൂമി ഇവര്‍ക്ക് കണ്ടെത്തി നല്‍കാന്‍ തഹസില്‍ദാരെയും, വില്ലേജ് ഓഫീസറേയും കലക്ടര്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുവരെ അത് നടന്നില്ല.

ഇവരുടെ ഭൂമി പദ്ധതിക്കായി വേണ്ടിവന്നില്ലെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ നിര്‍മാണസമയത്ത് തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഈ ഭൂമിയിലെ മരങ്ങള്‍ മുറിച്ചു. കെഎസ്ഇബി 11 കെവി ലൈനും സ്ഥാപിച്ചു. വൈറ്റില-പേട്ട റോഡ് ഉയര്‍ത്തി ടാറ് ചെയ്തതോടെ വീട് വെള്ളക്കെട്ടിലായി. വെള്ളക്കെട്ടിലായ വീട് മെട്രോ തൂണിന്റെ പൈലിങ് സമയത്ത് ഇടിഞ്ഞുവീഴുകയും ചെയ്തു.
ഇതോടെ വീട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയും മങ്ങി. കൂലിവേലചെയ്ത് കിട്ടുന്ന പണം വാടകയായി കൊടുക്കേണ്ട സ്ഥിതിയിലാണിപ്പോള്‍ ഈ കുടുംബാംഗങ്ങള്‍. സര്‍ക്കാര്‍ ഭൂമി നല്‍കിയാല്‍ വീട് വയ്ക്കാന്‍വേണ്ട തുക നല്‍കാമെന്ന് ഗാന ഗന്ധര്‍വന്‍ യേശുദാസ് പറഞ്ഞിരുന്നു. ഇതും പാഴാകുന്ന സ്ഥിതിയാണ്.