മരട് ഫ്ളാറ്റ്; സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കാതെ ഒഴിപ്പിക്കില്ലെന്ന് നഗരസഭാ സെക്രട്ടറി, നാളെ മുതല്‍ റിലേ സത്യാഗ്രഹമെന്ന് ഉടമകള്‍

സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ ഫ്ളാറ്റുകള്‍ ഒഴിപ്പിക്കുകയുള്ളൂ എന്ന് മരട് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍. മരട് ഫ്ളാറ്റുകള്‍ ഒഴിയാനുള്ള കാലാവധി നാളെ അവസാക്കും.

ഫ്ളാറ്റുകളില്‍ നഗരസഭ പതിച്ച നോട്ടീസിന് 12 ഫ്ളാറ്റുടമകള്‍ നല്‍കിയ മറുപടി ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് അയച്ചതായി സെക്രട്ടറി പറഞ്ഞു. നോട്ടീസ് നിയമാനുസൃതമായല്ല നല്‍കിയതെന്ന ഫ്ളാറ്റുടമകളുടെ മറുപടി സര്‍ക്കാരിനും കൈമാറിയിട്ടുണ്ട്.

ഇതേ സമയം അര്‍ഹമായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്ളാറ്റുകളില്‍ നിന്നൊഴിയില്ലെന്ന നിലപാടിലാണ് ഫ്ളാറ്റുടമകള്‍. നോട്ടീസ് നല്‍കിയത് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനും ഫ്ളാറ്റ് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലില്‍ പ്രതീക്ഷയുണ്ടെന്നും ഫ്ളാറ്റിന് മുന്നില്‍ പന്തല്‍ കെട്ടി അനിശ്ചിതകാല റിലേ സത്യാഗ്രഹവും തുടങ്ങുമെന്നും താമസക്കാര്‍ പറയുന്നു.

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായി അഞ്ച് ഫ്‌ളാറ്റുകളിലെ 357 കുടുംബങ്ങളോടും അഞ്ച് ദിവസത്തിനകം ഒഴിഞ്ഞു കൊടുക്കണമെന്നായിരുന്നു നഗരസഭയുടെ നിര്‍ദ്ദേശം. പത്താം തിയതിയാണ് ഇത് സംബന്ധിച്ച നഗരസഭ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്. നോട്ടീസ് കുടുംബങ്ങള്‍ കൈപ്പറ്റിയിട്ടില്ലെങ്കിലും ചുവരുകളില്‍ പതിപ്പിച്ച് നഗരസഭ സെക്രട്ടറി മടങ്ങുകയായിരുന്നു.