മഹാരാഷ്ട്രയിൽ ഇനി അരങ്ങേറുക മന്ത്രിക്കസേരകൾക്കായുള്ള സഖ്യ സർക്കാരിനകത്തെ രാഷ്ട്രീയ നീക്കങ്ങൾ

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മന്ത്രിസഭയിൽ എൻ‌.സി‌.പിക്ക് നിരവധി പ്രധാന മന്ത്രാലയങ്ങൾ ലഭിച്ചേക്കാം, ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ 43 സ്ഥാനങ്ങളിൽ 16 എണ്ണം പാർട്ടിക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രത്യയശാസ്ത്രപരമായി പൊരുത്തപ്പെടാത്ത ശിവസേനയും പുതിയ സർക്കാരിലെ കോൺഗ്രസും തമ്മിലുള്ള പാലമായി കാണപ്പെടുന്ന- സഖ്യ സർക്കാർ സാധ്യമാക്കുന്നതിലെ പ്രധാന ഘടകമായി പ്രവർത്തിച്ച- എൻ.സി.പി നേതാവ് ശരദ് പവാർ, സഖ്യ സർക്കാരിൽ തന്റെ പാർട്ടിക്ക് അധിക സ്ഥാനങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാവിലെ നിയമസഭാ സ്പീക്കർ സ്ഥാനത്തേക്ക് കോൺഗ്രസ് എം‌എൽ‌എ നാനാ പട്ടോലിനെ തിരഞ്ഞെടുത്തിരുന്നു.

ശരദ് പവാറിന്റെ അടുത്ത ആളായ എൻ‌.സി‌.പിയുടെ ജയന്ത് പാട്ടീലിനെ ആഭ്യന്തരമന്ത്രിയായി തിരഞ്ഞെടുക്കുമെന്നാണ് സൂചന. പാട്ടീൽ കോൺഗ്രസ്-എൻ‌.സി‌.പി സർക്കാരിന്റെ കാലത്ത് ഈ പദവിയിൽ ഹ്രസ്വമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം മുംബൈയിലെ ശിവാജി പാർക്കിൽ ശിവസേന നേതാവ് ഉദ്ധവ് താക്കറെയോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു രണ്ട് എൻ‌.സി‌.പി നേതാക്കളിൽ ഒരാളായിരുന്നു ജയന്ത് പാട്ടീൽ, മറ്റൊരാൾ ചഗൻ ഭുജ്ബാൽ ആണ്.

ശരദ് പവാറിന്റെ അനന്തരവൻ അജിത് പവാറിന് നൽകുമെന്ന് പ്രതീക്ഷിക്കുന്ന ഉപമുഖ്യമന്ത്രി സ്ഥാനവും എൻ‌.സി‌.പിക്ക് ലഭിച്ചേക്കും. കഴിഞ്ഞയാഴ്ച ബി.ജെ.പിയിലേക്ക് ഒറ്റ രാത്രികൊണ്ട് മലക്കം മറിഞ്ഞ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഒരാഴ്ചത്തെ കുഴപ്പവും അനിശ്ചിതത്വവും സൃഷ്ടിച്ച നേതാവാണ് അജിത് പവാർ.

രഹസ്യമായി നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസിനോടൊപ്പം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിന് രാജിവച്ച ആ സ്ഥാനത്തേക്ക് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മടങ്ങാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാൻ ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിനോട് സുപ്രീം കോടതി ഉത്തരവിട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് അജിത് പവാർ രാജിവച്ചത്. അജിത് പവാറിന്റെ രാജി ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവെക്കുന്നതിൽ കലാശിക്കുകയും ബി.ജെ.പി-എൻ.സി.പി (അജിത് പവാർ) ജോഡിയെ അട്ടിമറിക്കുകയും ചെയ്തു.

വീണ്ടും ഉപമുഖ്യമന്ത്രിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്: “ഇതുവരെ തീരുമാനമില്ല. പാർട്ടി തീരുമാനിക്കും” എന്നാണ് വ്യാഴാഴ്ച അജിത് പവാർ പറഞ്ഞത്.

12 കാബിനറ്റ് തസ്തികകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന കോൺഗ്രസിന് റവന്യൂ സ്ഥാനം ലഭിച്ചേക്കും. മഹാരാഷ്ട്ര കോൺഗ്രസ് മേധാവി ബാലസഹാഹെബ് തോറാത്ത്, മുൻ മുഖ്യമന്ത്രിയും മറാത്ത്വാഡ മേഖലയിലെ മറാത്ത നേതാവുമായ അശോക് ചവാൻ എന്നിവരാണ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. സംഘംനറിൽ നിന്ന് എട്ട് തവണ എം‌.എൽ‌.എ ആയിട്ടുള്ള ബാലസഹാഹെബ് തോറാത്ത്, ഈ ആഴ്ച ആദ്യം പാർട്ടിയുടെ നിയമസഭാ വിഭാഗം നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.

ഒക്ടോബറിലെ തിരഞ്ഞെടുപ്പിൽ ദീർഘകാല സഖ്യകക്ഷിയായ ബി.ജെ.പിക്കൊപ്പം നിന്ന് മത്സരിച്ച ശിവസേന, അധികാര പങ്കിടൽ ചർച്ചകളെത്തുടർന്ന് ബി.ജെ.പിയുമായുള്ള ബന്ധം വേർപ്പെടുത്തുകയും എൻ.സി.പി കോൺഗ്രസ് പാർട്ടികളുമായി ചേർന്ന് മഹാ വികാസ് അഖാതി സഖ്യം ഉണ്ടാക്കി സർക്കാർ രൂപികരിക്കുകയുമായിരുന്നു. ശിവസേനക്കായിരിക്കും സർക്കാരിൽ നഗരവികസന മന്ത്രാലയം ലഭിക്കുക. ശിവസേന നേതാക്കളായ ഏക്നാഥ് ഷിൻഡെ, സുഭാഷ് ദേശായി എന്നിവരാണ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഏക്നാഥ് ഷിൻഡെയും സുഭാഷ് ദേശായിയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഷിൻഡെ പൊതുജനാരോഗ്യ, കുടുംബക്ഷേമ മന്ത്രിയും ദേശായി വ്യവസായ, ഖനന മന്ത്രിയുമായിരുന്നു.

ഇന്ന് രാവിലെ കോൺഗ്രസ് എം‌എൽ‌എ നാനാ പട്ടോലിനെ മഹാരാഷ്ട്ര സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുത്തു. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രതിപക്ഷ നേതാവായി നിയമിക്കുകയും ചെയ്തു.