ആൾക്കൂട്ട ആക്രമണങ്ങൾ "പാശ്ചാത്യനിർമ്മിതി", മറ്റേതോ മതഗ്രന്ഥത്തിലെ കഥയിൽ നിന്നുള്ളത് : മോഹൻ ഭാഗവത്

ആൾക്കൂട്ട ആക്രമണങ്ങൾ ഒരു പാശ്ചാത്യ നിർമ്മിതിയാണെന്നും ഈ പദം രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നുവെന്നും അഭിപ്രായപ്പെട്ട് ആർ‌.എസ്‌.എസ് മേധാവി മോഹൻ ഭാഗവത്. ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി പിൻവലിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. “ഇന്ത്യ ശക്തവും ഊർജ്ജസ്വലവുമായിരിക്കാൻ നിക്ഷിപ്ത താത്പര്യങ്ങൾ ആഗ്രഹിക്കുന്നില്ല” എന്നും അദ്ദേഹം ആരോപിച്ചു.

ചില സാമൂഹിക അതിക്രമങ്ങലളെ “ആൾക്കൂട്ട ആക്രമണങ്ങൾ” എന്ന് മുദ്രകുത്തുന്നത് യഥാർത്ഥത്തിൽ നമ്മുടെ രാജ്യത്തെയും ഹിന്ദു സമൂഹത്തെയും അപകീർത്തിപ്പെടുത്തുന്നതിനും ചില സമുദായങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ്. ആൾക്കൂട്ട ആക്രമണങ്ങൾ ഇന്ത്യക്ക് അന്യമാണ്, യഥാർത്ഥത്തിൽ അതിന്റെ ഉറവിടം മറ്റെവിടെ നിന്നോ ആണ്, ദസറയുടെ അവസരത്തിൽ സംഘടിപ്പിച്ച ഒരു ആർ‌.എസ്‌.എസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

“ആൾക്കൂട്ട ആക്രമണങ്ങൾ തന്നെ ഒരു പശ്ചാത്യനിർമ്മിതിയാണ്. ഇത് ഇന്ത്യൻ ധാർമ്മികതയിൽ നിന്നുള്ള വാക്കല്ല. അതിന്റെ ഉത്ഭവം മറ്റേതോ മതഗ്രന്ഥത്തിലെ കഥയിൽ നിന്നാണ്. അത്തരം പ്രയോഗങ്ങൾ ഇന്ത്യക്കാർക്ക് മേൽ അടിച്ചേൽപ്പിക്കരുത്,” അദ്ദേഹം അവകാശപ്പെട്ടു.