കൊവിഡ് 19 : പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർ നിരീക്ഷണത്തിൽ, ആറ് പേർക്ക് രോഗബാധ ഇല്ലെന്ന് സ്ഥിരീകരണം

കൊവിഡ് 19 രോഗബാധിതരെ പരിചരിച്ചിരുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാഡോക്ടറെ വീട്ടിൽ നിരീക്ഷണത്തിലാക്കി. ഇവർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. ഡോക്ടറുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അതേസമയം പത്തനംതിട്ടയിൽ 6 പേർക്ക് കൂടി കൊവിഡ് 19 രോഗബാധ ഇല്ലെന്ന് സ്ഥിരീകരിച്ചു. പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടിരുന്നവരുടെ അടക്കമുള്ള റിസൾട്ടാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. സമീപദിവസങ്ങളിൽ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട് .ഇവരുടെ പട്ടിക ജില്ലാഭരണകൂടം തയ്യാറാക്കി.

Read more

രോഗലക്ഷണങ്ങൾ ഉള്ള 22 പേരാണ് ഇപ്പോൾ ജില്ലയിൽ ആശുപത്രി ഐസൊലേഷനിൽ കഴിയുന്നത്. വിദേശത്ത് നിന്ന് മാങ്ങിയെത്തിയവരെ കൂടാതെ നേരത്തെ രോഗം സ്ഥിരീകരിച്ചുവരുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയ 1254 പേർ ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. തുടർച്ചയായ നെഗറ്റീവ് പരിശോധനാ ഫലങ്ങൾ ലഭിച്ചെങ്കിലും ആശങ്ക ഒഴിവായിട്ടില്ലെന്നും പത്തനംതിട്ടയിലും ഇനിയുള്ള രണ്ടാഴ്ച വളരെ നിർണായകമാണെന്നുമാണ് ജില്ലാ ഭരണകൂ‍‍ടത്തിന്റെ വിലയിരുത്തൽ.

സംസ്ഥാനത്ത് ഇന്ന് പുറത്ത് വന്ന എല്ലാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു എന്നത് ആശ്വാസം പകരുന്നുണ്ട്. ഇന്ന് മുതൽ ഞായറാഴ്ച വരെ വീടുകൾ തോറും കയറി ആരോഗ്യ പ്രവർത്തകർ ബോധവത്കരണം നടത്തും.