ഫ്ളാറ്റിലെ രക്തക്കറയില്‍ ദുരൂഹത, ആസൂത്രിത കൊലപാതകമാണെന്ന് സനുമോഹന്‍; മൊഴികളില്‍ പൊരുത്തക്കേടെന്ന് പൊലീസ്

വൈഗയുടേത് ആസൂത്രിത കൊലപാതകമാണെന്ന് പിതാവ് സനുമോഹന്‍ മൊഴി നല്‍കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍. സനുമോഹന്‍ തന്നെയാണ് വൈഗയെ കൊലപ്പെടുത്തിയതെന്നും അദ്ദേഹത്തെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കമ്മീഷണര്‍ അറിയിച്ചു. സനു മോഹന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. അതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി 15 ദിവസത്തെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

മകളുമായി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ മകള്‍ ഇതിന് വിസമ്മതിച്ചതോടെ കൊലപ്പെടുത്തി. പിന്നീട് തനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായില്ലെന്നാണ് സനുവിന്റെ മൊഴി. തെളിവ് നശിപ്പിക്കാൻ സാനു മോഹൻ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മൊഴികളിൽ പൊരുത്തക്കേടുണ്ട്. കടബാദ്ധ്യതയാണ് സനുവിനെ കൊലയ്‌ക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

ചോദ്യംചെയ്യല്‍ നടക്കുകയാണ്. എങ്ങനെ ചെയ്തു എന്നത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്. കടബാദ്ധ്യതയാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. കടബാദ്ധ്യത കാരണമുള്ള ടെന്‍ഷനും മറ്റുമാണ് കൊലപാതകത്തിലേക്കും ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിലേക്കും എത്തിച്ചത്. ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും പ്രതി തുടര്‍ച്ചയായി മൊഴി മാറ്റുന്നതും മൊഴികളിലെ പൊരുത്തക്കേടുകളും അന്വേഷിച്ചു വരികയാണെന്നും കമ്മീഷണര്‍ പറഞ്ഞു.

സനുമോഹനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വീണ്ടും ചോദ്യം ചെയ്യും. കൊലപാതകം എങ്ങനെ ചെയ്തു എന്നത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്. വാളയാറില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളായിരുന്നു സനു ജീവിച്ചിരിപ്പുണ്ടെന്നതിന്റെ ആദ്യ തെളിവ്. പൊലീസ് സംഘങ്ങള്‍ തുടര്‍ന്ന് വിവിധയിടങ്ങളിലായി തിരച്ചില്‍ ആരംഭിച്ചു. ഒരുപാട് സ്ഥലങ്ങളില്‍ കറങ്ങിയതിന് ശേഷമാണ് സനുമോഹന്‍ കൊല്ലൂര്‍ മൂകാംബികയില്‍ എത്തിയത്. ഒരുപാട് വെല്ലുവിളികള്‍ അഭിമുഖീകരിച്ചാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

വൈഗയുടെ ആന്തരാവയവങ്ങളില്‍ ആല്‍ക്കഹോളിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് സംബന്ധിച്ച് ദുരൂഹതയുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടത്തണം. തെളിവുകള്‍ ശേഖരിക്കണം. സനുമോഹന്റെ ഭാര്യയെയും അടുത്ത ബന്ധുക്കളെയും നേരത്തെ പലതവണ ചോദ്യം ചെയ്തിരുന്നു. സനുവിന്റേത് ഏറെ രഹസ്യങ്ങള്‍ നിറഞ്ഞ ജീവിതമാണെന്നായിരുന്നു ഇവരുടെ മൊഴി. ഒന്നും ആരോടും പങ്കുവെയ്ക്കാത്ത പ്രകൃതമായിരുന്നു. മുംബൈയില്‍ സനുവിനെതിരെ മൂന്ന് കോടി രൂപയുടെ വഞ്ചനാകേസ് നിലവിലുണ്ട്. ഫ്‌ളാറ്റില്‍ കണ്ട രക്തക്കറ ആരുടേതെന്ന് പറയാറായിട്ടില്ല. പ്രതി തുടര്‍ച്ചയായി മൊഴി മാറ്റി പറയുന്നതിനാല്‍ കേസില്‍ വിശദമായ ചോദ്യംചെയ്യലും അന്വേഷണവും വേണമെന്നും എച്ച്.നാഗരാജു വിശദീകരിച്ചു.