കൊച്ചി കാൻസർ സെൻറർ ഗുണനിലവാരം പാലിച്ചില്ല; നിർമ്മാണപ്രവൃത്തികൾ നിർത്തിവെയ്ക്കാൻ കിഫ്ബി നിർദേശം

കൊച്ചി കാൻസർ സെൻറർ നിർമ്മാണത്തിൽ ഗുണനിലവാരം പാലിച്ചില്ലെന്ന്  കിഫ്ബിയുടെ കണ്ടെത്തൽ. ഗുണനിലവാരമില്ലാത്തതും നിർമ്മാണത്തിലെ കാലതാമസവും കാരണം നിർമ്മാണപ്രവൃത്തികൾ നിർത്തിവെയ്ക്കാൻ കിഫ്ബി നിർദേശം നൽകി. നിർമ്മാണത്തിന്റെ ശോചനീയമായ നിലവാരം ചൂണ്ടിക്കാട്ടി കിഫ്ബിയുടെ ടെക്‌നിക്കൽ ഇൻസ്‌പെക്ഷൻ വിഭാഗം നൽകിയ നിർദേശങ്ങൾ നടപ്പാക്കാത്തതിനെ തുടർന്നാണ് നിർമ്മാണപ്രവൃത്തികൾ നിർത്തിവെയ്ക്കാൻ എസ്പിവി ആയ ഇൻകെലിന് കിഫ്ബി നിർദേശം നൽകിയത്.

കഴിഞ്ഞ ദിവസം കൊച്ചിൻ കാൻസർ സെന്‍ററിൽ നിർമ്മാണത്തിലിരുന്ന കെട്ടിടഭാഗം ഇടിഞ്ഞു വീണിരുന്നു. അപകടത്തെ തുടർന്ന് കിഫ്ബി നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇടിഞ്ഞു വീണ കോൺക്രീറ്റ് പാനലുകളുടെയും ഷട്ടറിങ്ങിന്റെയും നിർമ്മാണത്തിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയിരുന്നു. നിർമ്മാണത്തിൽ പാലിക്കേണ്ട മാർഗനിർദേശങ്ങളോ മാനദണ്ഡങ്ങളോ ഇൻകെലോ കരാറുകാരനോ പാലിച്ചിരുന്നില്ല.

അപകടത്തിന് മുമ്പു തന്നെ കിഫ്ബിയുടെ ടെക്‌നിക്കൽ ഇൻസ്‌പെക്ഷൻ വിംഗ്, നിർമ്മാണത്തിലെ ഗുരുതര പിഴവുകളും കാലതാമസവും ചൂണ്ടിക്കാട്ടി പരിശോധനാറിപ്പോർട്ടും തിരുത്തൽ നിർദേശങ്ങളും നൽകിയിരുന്നു. തുടർപരിശോധനകൾക്ക് ശേഷം കിഫ്ബി നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടു മാത്രമേ ഇനി പ്രവൃത്തികൾ തുടങ്ങാവൂ എന്നാണ് ഇൻകെലിന് നൽകിയിരിക്കുന്ന നിർദേശം