സംസ്ഥാനത്തെ കോവിഡ് കൂട്ടപ്പരിശോധനയുടെ ഫലം ഇന്നറിയാം, ചികിത്സയിൽ ഉള്ളവരുടെ എണ്ണം ലക്ഷം കടന്നേക്കും, പ്രതിരോധം ശക്തമാക്കി സർക്കാർ

സംസ്ഥാനത്ത് കോവിഡ് കൂട്ടപ്പരിശോധനയുടെ കൂടുതൽ ഫലങ്ങൾ ഇന്നും പുറത്തുവരും. ഇതോടെ പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും ഉയരും. ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഇന്ന് ഒരു ലക്ഷം കടന്നേക്കും. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്നതിനിടെ പ്രതിരോധ നടപടികൾ ശക്തമാക്കുകയാണ് സര്‍ക്കാര്‍.

കോവിഡ് കൂട്ട പരിശോധന വൻ വിജയമാണെന്നാണ് വിലയിരുത്തൽ. രണ്ട് ദിവസത്തിനിടെ 3,00,971 പേരെ പരിശോധിച്ചു. രണ്ട് ദിവസത്ത കോവിഡ് കൂട്ട പരിശോധനയോട് ജനങ്ങൾ വളരെ അനുകൂലമായിട്ടാണ് പ്രതികരിച്ചത്. ലക്ഷ്യമിട്ടത് രണ്ടരലക്ഷം പരിശോധനയായിരുന്നെങ്കിലും എല്ലാ ജില്ലകളിലും കൂടുതൽ പരിശോധന നടന്നു. ലക്ഷ്യമിട്ടതിനെക്കാൾ അരലക്ഷത്തിലധികം പേരെ പരിശോധിക്കാനായി.

കോഴിക്കോട് ജില്ലയിലാണ് കൂടുതൽ പേരെ പരിശോധിച്ചത്. 39,565 പേരെ. എറണാകുളത്ത് 36,671- ഉം തിരുവനന്തപുരം 29,008 പേരെയും പരിശോധിച്ചു. ആദ്യദിവസം ശേഖരിച്ച 1,35,159 സാമ്പിളിൽ 81,211 സാമ്പിളിന്റെ പരിശോധന ഫലം മാത്രമാണ് പുറത്ത് വന്നത്. ഇതിൽ 13,835 പേരാണ് പോസിറ്റീവ് ആയത്. 17.04 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,41,62,843 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Read more

അതേസമയം രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ സിഎഫ്എൽടിസികള്‍ സജ്ജമാക്കുന്നുണ്ട് . സ്വകാര്യ ആശുപത്രികളോട് 20 ശതമാനം കിടക്കകൾ കോവിഡ് ചികിത്സക്കായി മാറ്റിവെയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിരീക്ഷണവും കര്‍ശനമാക്കിയിട്ടുണ്ട്.