ഹെലിക്കോപ്റ്റർ വിവാദത്തിൽ സിപിഐക്ക് കടുത്ത അതൃപ്തി, അറിഞ്ഞില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം തെറ്റ്

മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റർ യാത്രാ വിവാദത്തിൽ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിച്ചതിൽ സിപിഐക്ക് കടുത്ത അതൃപ്തി. ഇതിൽ റവന്യു സെക്രട്ടറിക്ക് അറിവ് ഉണ്ടായിട്ടും ഓഫീസ് അറിഞ്ഞില്ലെന്ന വാദം നിലനിൽക്കുന്ന സാഹചര്യത്തിൽ റവന്യു സെക്രട്ടറിയോട് ഇന്ന് തന്നെ വിശദീകരണം തേടുമെന്ന് മന്ത്രി ഇചന്ദ്രശേഖരൻ വ്യക്തമാക്കി.

മന്ത്രി അറിയാതെ റവന്യു സെക്രട്ടറി തീരുമാനം എടുക്കുന്നതിൽ അമർഷമുണ്ട്. റെവന്യു സെക്രട്ടറി പി. എച്ച് കുര്യനെതിരെ അച്ചടക്കനടപടിയെടുക്കുമെന്നും ഇ. ചന്ദ്രശേഖരൻ പറഞ്ഞു. അതേസമയം ഒന്നുമറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം തെറ്റെന്ന് രേഖകൾ.

പണം അനുവദിച്ചുള്ള ഉത്തരവിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും നൽകിയിരുന്നതായി ഉത്തരവിൽ വ്യക്തമാണ്. ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാൻ മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റർ ഏർപ്പാടാക്കിയത് പൊലീസല്ലെന്ന് ഡിജിപി ലോകനാഥ് ബഹ്റ വ്യക്തമാക്കി. ബഹ്റയാണ് ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കിയതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

യാത്രക്ക് സുരക്ഷ ക്ലിയറൻസ് നൽകുക മാത്രമാണ് ചെയ്തതെന്ന് ബെഹ്റ തിരുവനന്തപുരത്ത് പറഞ്ഞു. എന്നാൽ പണം നൽകിയത് ഡിജിപി ആവശ്യപ്പെട്ടിട്ടാണെന്നാണ് റെവന്യൂ സെക്രട്ടറി പറയുന്നത്.