സുരേന്ദ്രൻ അധ്യക്ഷനാകുമ്പോൾ മുരളീധരപക്ഷത്തിന് നേട്ടം

സംസ്ഥാന അദ്ധ്യക്ഷനായി കെ. സുരേന്ദ്രനെ ദേശീയ നേതൃത്വം നിശ്ചയിച്ചപ്പോൾ സംസ്ഥാന ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാവുകയാണ് കെ. സുരേന്ദ്രന്‍.  അദ്ധ്യക്ഷ പദവി മൂന്ന് മാസമായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ബി ജെ പിക്ക് കേരളത്തിൽ ഇത്ര ദീർഘകാലം  അധ്യക്ഷനില്ലാതിരുന്നിട്ടില്ല. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം  സംസ്ഥാനാധ്യക്ഷനായിരുന്ന പി.  എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണര്‍ ആയി നിയമിച്ചതോടെയാണ് ഒഴിവ് വന്നത്. പാര്‍ട്ടിക്കുള്ളില്‍ തന്നെ നിലനിന്നിരുന്ന ഐക്യമില്ലായ്മയും ഗ്രൂപ്പുകളിയുമാണ് നിയമനം വൈകിയതിന് കാരണം. ഗ്രൂപ്പ് പേരിനൊടുവില്‍ സംസ്ഥാന അധ്യക്ഷ പദവിയില്‍ കെ. സുരേന്ദ്രനെ തന്നെ കേന്ദ്ര നേതൃത്വം പരിഗണിച്ചു.

ബിജെപിയുടെ താഴേത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തന പരിചയവുമായി ഉയര്‍ന്നു വന്ന ആളാണ് കെ സുരേന്ദ്രന്‍. സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്കുയരുമ്പോള്‍ അതില്‍ നേട്ടം ഉണ്ടാകുന്നത് സുരേന്ദ്രന് മാത്രമല്ല മറിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്റെ പക്ഷത്തിന് കൂടിയാണ്. രണ്ട് തവണ തട്ടിതെറിച്ചുപോയ അധ്യക്ഷപദമാണ് ഇത്തവണ സുേരന്ദ്രനെ തേടിയെത്തുന്നത്. പത്തുവര്‍ഷം തുടര്‍ച്ചയായി പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായ ശേഷമാണ് സുരേന്ദ്രന്‍ കേരളരാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കോവളം കൊട്ടാരം സമരവും കേരളായൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തിനെതിരായ സമരവും കേരളത്തിന്റെ തെരുവുകളില്‍ സുരേന്ദ്രനെ സമരനായകനാക്കി.

യുവമോര്‍ച്ചയില്‍ നിന്ന് ബിജെപിയിലേക്കെത്തിയ സുരേന്ദ്രന്‍,  വി മുരളീധരന്റെ അധ്യക്ഷനായപ്പോൾ പാര്‍ട്ടി ജനറല്‍സെക്രട്ടറിയായി. പിന്നീടങ്ങോട്ട് മുരളീധരന്റെ വിശ്വസ്തനായിരുന്നു സുരേന്ദ്രന്‍. മുരളീധരന്‍ അധ്യക്ഷത പദം ഒഴിഞ്ഞപ്പോള്‍ പിന്‍ഗാമിയായി മനസ്സില്‍കണ്ടത് സുരേന്ദ്രനെ ആയിരുന്നു. അപ്പോഴണ് അപ്രതീക്ഷിതമായി കുമ്മനത്തിന്റെ വരവ്. പിന്നീട് കുമ്മനം ഗവര്‍ണറായ ഒഴിവിലും സുരേന്ദ്രന്‍ പരിഗണിക്കപ്പെട്ടു. അപ്പോഴും ശ്രീധരന്‍പിള്ളയുടെ കടന്ന് വരവ് പ്രതീക്ഷതെറ്റിച്ചു. ഇത്തവണ ശോഭാസുരേന്ദ്രന്‍, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍ തുടങ്ങി പാര്ട്ടിയുടെ പ്രബലരായ നേതാക്കന്മാരെ നേതൃസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. തുടക്കത്തില്‍ ആര്‍.എസ്.എസില്‍ നിന്നും സുരേന്ദ്രനെതിരെ കടുത്ത വിയോജിപ്പ് ഉയര്‍ന്നിരുന്നു. അധ്യക്ഷ പദവിയെ സംബന്ധിച്ചുള്ള അനിശ്ചിതത്വം  ദേശീയ നേതൃത്വത്തിന്റെ  അതൃപ്തിക്കിടയാക്കി.  അനിശ്ചിതത്വം നീണ്ടതോടെ ആര്‍.എസ്.എസ് അവരുടെ നിലപാടില്‍ അയവ് വരുത്തി. സംഘടനയുടെ പരോക്ഷമായ പിന്തുണ ലഭിച്ചതും സുരേന്ദ്രന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത് സുഗമമാക്കി. ഒപ്പം ദേശീയ ഓര്‍ഗൈനിസിങ് സെക്രട്ടറി  സന്തോഷിന്റെയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും ശക്തമായ പിന്തുണ സുരേന്ദ്രന് തുണയായി. അങ്ങനെ സുേരന്ദ്രന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള കടുത്ത വിയോജിപ്പുകളും വെല്ലുവിളികളുമെല്ലാം അതിജീവിച്ച് പ്രസിഡന്റായി.

ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായതിന് ശേഷം സുരേന്ദ്രനെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി  വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പുമാണ്. 2009 മുതല്‍ തിരഞ്ഞെടുപ്പ് രംഗത്തുള്ള ആളാണ് സുരേന്ദ്രന്‍. മത്സരിച്ച തിരഞ്ഞെടുപ്പുകളില്‍ വോട്ട് വിഹിതം ഉയര്‍ത്താന്‍ കഴിഞ്ഞെങ്കിലും ശബരിമല പോലുള്ള വിഷയങ്ങളില്‍ ഹിന്ദുക്കളുടെ പിന്‍തുണ ഉണ്ടായിട്ട് കൂടി ഒരിടത്ത് പോലും അക്കൗണ്ട് തുറക്കാന്‍ ബിജെപിക്കായില്ല. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. 2019 ല്‍ സംസ്ഥാനത്തെ അഞ്ച് മണ്ഡനങ്ങളിലേക്ക് നടന്ന തിരഞ്ഞെടിപ്പില്‍ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസ് ഇടഞ്ഞ് നല്‍ക്കുന്ന സാഹചര്യത്തില്‍ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനെന്ന നിലയില്‍ കെ സുരേന്ദ്രന്റെ ഇടപെടലുകളും തീരുമാനങ്ങളും നേതൃസ്ഥാനത്ത് നിന്നുള്ള പ്രവര്‍ത്തനങ്ങളും വളരെ നിര്‍ണായകമാകും.