സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം റഷ്യൻ പാഠപുസ്തകങ്ങൾ പുതുക്കി എഴുതിയ ജെ.എൻ.യു പ്രൊഫസർക്ക് പുഷ്കിൻ മെഡൽ

ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെ.എൻ.യു) പ്രൊഫസർ മീതാ നരേന് റഷ്യൻ സർക്കാർ പുഷ്കിൻ മെഡൽ നൽകി ആദരിച്ചു. റഷ്യൻ സർക്കാർ ഒരു ഇന്ത്യൻ പണ്ഡിതയ്ക്ക് നൽകുന്ന പരമോന്നത ബഹുമതിയാണിത്.

ഈ ആഴ്ച ആദ്യം റഷ്യൻ സെന്റർ ഫോർ സയൻസ് ആന്റ് കൾച്ചറിൽ സംഘടിപ്പിച്ച പരിപാടിയിലാണ് അവർക്ക് മെഡൽ ലഭിച്ചത് എന്ന് ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു. വിദേശത്ത് റഷ്യൻ പഠനത്തിന് നൽകിയ സംഭാവനകളാണ് നരേനെ അവാർഡിന് അർഹയാക്കിയത്. പ്രശസ്ത റഷ്യൻ എഴുത്തുകാരനും കവിയുമായ അലക്സാണ്ടർ എസ്. പുഷ്കിന്റെ പേരിലാണ് പുഷ്കിൻ മെഡൽ സ്ഥാപിച്ചത്. 1999-ൽ ആരംഭിച്ചതിനു ശേഷം വളരെ കുറച്ച് ഇന്ത്യൻ പണ്ഡിതന്മാർക്ക് മാത്രമാണ് ഈ മെഡൽ ലഭിച്ചത്. പ്രശസ്ത കവി ഒ .എൻ.വി കുറിപ്പിന് 2015- ൽ ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ബിരുദ വിദ്യാർത്ഥികൾക്കായി റഷ്യൻ പഠന പാഠപുസ്തകങ്ങൾ വീണ്ടും എഴുതുന്നതിന് നരേൻ സംഭാവന നൽകിയിട്ടുണ്ട്. മീതാ നരേന്റെ കൃതികൾ പാഠപുസ്തകങ്ങൾക്ക് ഒരു സമകാലിക അഭിരുചി നൽകി, അവ നിലവിൽ ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിലെ റഷ്യൻ ഭാഷാ പഠന വകുപ്പുകളിലും മുൻ സോവിയറ്റ് രാഷ്ട്ര സ്ഥാപനങ്ങളിലും യൂറോപ്പിലും, യു.എസിലും മറ്റ് രാജ്യങ്ങളിലും പഠനത്തിനായി ഉപയോഗിച്ചു വരുന്നു.

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെയും ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെയും റഷ്യൻ പഠന വകുപ്പിലെ വിസിറ്റിംഗ് ഫാക്കൽറ്റിയായ നരേനെ വിവിധ ആഗോള സർവകലാശാലകളിൽ പ്രഭാഷണങ്ങൾക്കും ഹ്രസ്വകാല അധ്യാപന കോഴ്‌സുകൾക്കുമായി പതിവായി ക്ഷണിക്കാറുണ്ട്

റഷ്യൻ ഭാഷാശാസ്‌ത്രം, ഭാഷാന്തര പഠനം എന്നിവയിൽ അവരുടെ അക്കാദമിക് മികവ് ലോകമെമ്പാടും അംഗീകരിക്കപ്പെടുകയും നിരവധി പുരസ്കാരങ്ങൾക്ക് അര്‍ഹയാക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ദേശീയ അന്തർ‌ദ്ദേശീയ ഗവേഷണ പ്രബന്ധങ്ങൾ‌ അവതരിപ്പിച്ചിട്ടുള്ള അവർ വിദേശത്ത് പ്രസിദ്ധീകരിക്കുന്ന അക്കാദമിക് ജേണലുകളുടെ എഡിറ്റോറിയൽ ബോർഡുകളിലും അംഗമാണ്.

നരേൻ ജെ.എൻ.യുവിൽ നിന്നാണ് പി.എച്ച്ഡി പൂർത്തിയാക്കിയത്.