അംബാനിയുടെ ജിയോ കോടികള്‍ വാരിക്കൂട്ടുമ്പോള്‍ പണിയില്ലാതാവുന്നത് പതിനായിരങ്ങള്‍ക്ക്

ഇന്ത്യന്‍ ടെലികോം വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച ജിയോസമാന രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് കമ്പനികളിലെ തൊഴിലാളികള്‍ക്ക് ഭാഷണിയായി. മുകേഷ് അംബാനിയുടെ ജിയോ വന്നതിന് ശേഷം തകര്‍ച്ച നേരിടുന്ന മറ്റ് ടെലികോം കമ്പനികള്‍ പ്രതിസന്ധി പരിഹരിക്കാന്‍ തൊഴിലാളികളെ വന്‍തോതില്‍ പിരിച്ചു വിടുകയാണിപ്പോള്‍. ആറുമാസത്തിനുള്ളില്‍ 80000 മുതല്‍ 90000 പേര്‍ക്ക് വരെ തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍കൊണ്ട് ടെലികോം രംഗത്ത് വന്‍തോതില്‍ തൊഴില്‍ സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ ജിയോയുടെ വരവോട് കൂടി കഥ മാറി മറിഞ്ഞു. പിടിച്ച് നില്‍ക്കാന്‍ പാടുപെടുന്ന മറ്റ് കമ്പനികള്‍ക്ക് തൊഴിലാളികളെ പിരിച്ച് വിടുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം ഒരുവര്‍ഷത്തിനുള്ളില്‍ ടെലികോം മേഖലയില്‍ 75000 പേര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്. മുന്‍പുണ്ടായിരുന്നതിന്റെ 75 ശതമാനം ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്.

മുന്നറിപ്പൊന്നുമില്ലാതെയാണ് പലപ്പോഴും പിരിച്ച് വിടുന്നത്. പ്രതിസന്ധി രൂക്ഷമാണെങ്കിലും സ്വകാര്യമേഖലയായതിനാല്‍ പ്രതിഷേധങ്ങളുമായി അധികം പേര്‍ മുന്നോട്ട് വരുന്നില്ല. നഷ്ടം നേരിടുന്ന കമ്പനികള്‍ ചെലവ് കുറക്കാന്‍ തൊഴിലാളികളെ പിരിച്ചുവിടുകയാണ് ആദ്യം ചെയ്യുന്നത്. പ്രതിസന്ധി മറികടക്കാന്‍ കമ്പനികള്‍ ഒന്നാകുമ്പോഴും തൊഴിലാളികള്‍ക്ക് പ്രതീക്ഷയ്ക്ക് വകയൊന്നുമില്ല.