'ഇത്തരം അക്രമകാരികള്‍ക്ക് ഫെയ്സ്ബുക്കില്‍ ഇടമില്ല'; ജാമിയ മിലിയയില്‍ വെടിവെയ്പ്പ് നടത്തിയ അക്രമിയുടെ അക്കൗണ്ട് ഫെയ്സ്ബുക്ക് നീക്കം ചെയ്തു

ഡല്‍ഹിയിലെ ജാമിയ നഗറില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമിയ്‌ക്കെതിരെ നടപടിയുമായി ഫെയ്സ്ബുക്ക്. അക്രമിയുടെ അക്കൗണ്ട് ഫെയ്സ്ബുക്ക് നീക്കം ചെയ്തു. അക്രമിയുടെ പ്രൊഫൈലില്‍ ഫെയ്സ് ബുക്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആക്രമണം നടത്തുന്നതിന് മുമ്പ് ഇയാള്‍ ഫെയ്സ് ബുക്ക് ലൈവില്‍ വരികയും ഷഹീന്‍ ബാഗ് എന്ന കളി അവസാനിച്ചു എന്ന് പോസ്റ്റിടുകയും ചെയ്തിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം നടത്തിയതിനെ തുടന്നാണ് ഫെയ്സ്ബുക്ക് ഈ നടപടി സ്വീകരിച്ചത്. ഇന്നലെ വൈകിട്ട് 5.30-ഓടെയാണ് ഫെയ്സ്ബുക്ക് ഇയാളുടെ അക്കൗണ്ട് നീക്കം ചെയ്തത്.

അതേസമയം, ജാമിയ വെടിവെപ്പിന് മുമ്പ് ഇയാള്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 2600 കമന്റുകളാണ് വൈകിട്ട് അഞ്ച് മണിയോടെ ലഭിച്ചത്. 763 തവണ ഷെയര്‍ ചെയ്യപ്പെട്ട ഈ വീഡിയോ 65000 ഓളം പേര്‍ കാണുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഫെയ്സ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തത്.

എന്നാല്‍ ഇതേ പേരില്‍ തന്നെ മറ്റൊരു ഫെയ്സ്ബുക്ക് അക്കൗണ്ട് ഇപ്പോഴുമുണ്ട്. എന്നാല്‍, ഈ അക്കൗണ്ട് വ്യാജമാണെന്നാണ് നിഗമനം.

ഇന്നലെ ഉച്ചതിരിഞ്ഞാണ് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് സമീപം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ ഉത്തര്‍ പ്രദേശിലെ ജേവര്‍ സ്വദേശിയായ രംഭക്ത ഗോപാല്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

യുവാവ് വെടിവെച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാവുമെന്നും ഇത്തരം നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.