പൂര്‍ണ്ണവിജയം കാണാതെ ചന്ദ്രയാന്‍ 2; അറിയാം നിര്‍ണ്ണായക നിമിഷങ്ങള്‍

ഐ.എസ്.ആര്‍.ഒ.യുടെ ചരിത്രത്തിലെ നിര്‍ണായക ഘട്ടമാണ് ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണം.ജൂലൈ 22-ന് ഉച്ചയ്ക്ക് 2.43 നാണ് ചന്ദ്രയാന്‍ രണ്ട് ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും വിജയകമായി വിക്ഷേപിക്കുന്നത്. എല്ലാ സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിച്ചായിരുന്നു വിക്ഷേപണം.

സെപ്റ്റംബര്‍ 7 ശനിയാഴ്ച പുലര്‍ച്ചെ 1.30 നും 2.30നും ഇടയിലായി ചന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തില്‍ ഇറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ശാസ്ത്രജ്ഞര്‍. ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ് എന്ന നിര്‍ണായകഘട്ടം മറികടക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ഐ.എസ്.ആര്‍.ഒ. ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുക്കപ്പെട്ട നിരവധി വിദ്യാര്‍ത്ഥികളും ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിലെത്തിയിരുന്നു.

എന്നാല്‍ എല്ലാ പ്രതീക്ഷയ്ക്കും മങ്ങലേല്‍പ്പിച്ചുകൊണ്ട് സോഫ്റ്റ് ലാന്‍ഡിങിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ലാന്‍ഡറില്‍ നിന്നുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നു.ഇത് ചരിത്രനിമിഷം കാത്തുനിന്ന ഇന്ത്യന്‍ ജനതയെ നിരാശയിലാഴ്ത്തി.

ചന്ദ്ര ഉപരിതലത്തില് നിന്ന് വെറും 2.1 കിലോ മീറ്റര്‍ മാത്രം അകലത്തില്‍ നില്ക്കെ ദക്ഷിണദ്രുവം സ്പര്ശിക്കാന് 13 മിനിറ്റുകള്‍ക്ക് മാത്രം മുന്‍പ് വിക്രം ലാന്ററുമായുള്ള ബന്ധം ഐഎസ് ആര്‍ഒക്ക് നഷ്ടപ്പെടുകയായിരുന്നു. വിക്രം ലാന്‍ഡറില്‍നിന്നു ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെ സിഗ്‌നലുകള്‍ ലഭിച്ചെന്നും തുടര്‍ന്നു ബന്ധം നഷ്ടമാകുകയായിരുന്നുവെന്നും ഐ.എസ്.ആര്.ഒ അറിയിച്ചു.

സെപ്റ്റംബര്‍ 2 തിങ്കളാഴ്ചയായിരുന്നു ചന്ദ്രയാന്റെ സങ്കീര്‍ണഘട്ടം എന്ന് വിലയിരുത്തപ്പെടുന്ന ഓര്‍ബിറ്ററും ലാന്‍ഡറും വേര്‍പ്പെടുന്നത്. ലാന്‍ഡറല്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടമായെങ്കിലും ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ സുരക്ഷിതമാണെന്നും ചന്ദ്രനു ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥരര്‍ അറിയിച്ചിട്ടുണ്ട്.

ചന്ദ്രോപരിതലത്തെ കുറിച്ചും ചന്ദ്രന്റെ അന്തരീക്ഷത്തെക്കുറിച്ചും പഠിക്കുകയെന്നതാണ് ഓര്‍ബിറ്ററിന്റെ ദൗത്യം. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍(വിക്രം), റോവര്‍(പ്രഗ്യാന്‍) എന്നിങ്ങനെ മൂന്നുഭാഗങ്ങളാണ് ചന്ദ്രയാന്‍ രണ്ടിനുള്ളത്. ഇതില്‍, 2,379 കിലോ ഭാരമുള്ള ഓര്‍ബിറ്ററിന്റെ കാലാവധി ഒരുവര്‍ഷമാണ്.

സെപ്റ്റംബര്‍ മൂന്ന് നാല് തീയ്യതികളിലായാണ് ചന്ദ്രന്റെ ദക്ഷിണദ്രുവം ലക്ഷ്യമാക്കി വിക്രം ലാന്‍ഡര്‍ യാത്ര തുടങ്ങിയത്.കൃത്യമായ കണക്കൂട്ടലുകളുടെ അടിസ്ഥാനത്തിലായിരുന്നു യാത്ര ആരംഭിച്ചത്.സെപ്റ്റംബര്‍ 7ന് പുലര്‍ച്ചെ 1.23ന് തന്നെ പ്രധാനമന്ത്രിയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളും ചരിത്രനിമിഷത്തിന് സാക്ഷിയാവാന്‍ ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ സെന്ററിലെത്തിയിരുന്നു.

ഇസ്ട്രാക്കി”ല്‍നിന്നാണ് ലാന്‍ഡറിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. ചന്ദ്രനില്‍നിന്നുള്ള ഏറ്റവുംകുറഞ്ഞ ദൂരമായ 35 കിലോമീറ്ററെത്തിയപ്പോള്‍ ഇറങ്ങുന്നതിനുള്ള കമാന്‍ഡ് നല്‍കി. പുലര്‍ച്ചെ 1.38-ന് ചന്ദ്രോപരിതലത്തില്‍നിന്ന് 30 കിലോമീറ്റര്‍ മുകളിലായിരുന്നു വിക്രം. പത്തുമിനിറ്റുകൊണ്ട് മുന്‍നിശ്ചയപ്രകാരം ചന്ദ്രന് 7.4 കിലോമീറ്റര്‍ അടുത്തേക്ക് റഫ് ലാന്‍ഡിങ്ങിലൂടെ ലാന്‍ഡറിനെ താഴ്ത്തി. ചരിഞ്ഞപാതയില്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡറിനെ കുത്തനെ ഇറക്കേണ്ട ഫൈന്‍ ലാന്‍ഡിങ് ഘട്ടമായിരുന്നു അടുത്തത്.

1.52നു ഫൈന്‍ ബ്രേക്കിങ് ഘട്ടം തുടങ്ങുന്നതു വരെ സിഗ്‌നലുകള്‍ ലഭിച്ചു. എന്നാല്‍ എന്നാല്‍ ചന്ദ്രന്റെ ഉപരിതലത്തില്‍നിന്ന് 2.1 കിലോ മീറ്റര്‍ വരെ അകലെ എത്തിയപ്പോള്‍ വിക്രം ലാന്‍ഡറില്‍നിന്നുള്ള ആശയവിനിമയം നിലയ്ക്കുകയും മുന്‍ നിശ്ചയിച്ചിരുന്ന പാതയില്‍ നിന്നും തെന്നിമാറുകയുമായിരുന്നു. ലാന്‍ഡര്‍ ഉപരിത്തലത്തില്‍ ഇടിച്ചിറങ്ങിയിട്ടുണ്ടോ എന്ന സംശയത്തിലാണ് ശാസ്ത്രജ്ഞര്‍. ദൗത്യത്തില്‍ സംഭവിച്ച പാളിച്ചകളെപ്പറ്റി പഠനം ആരംഭിച്ചിരിക്കുകയാണ് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍.

സിഗ്‌നല്‍ നഷ്ടമായത് മറ്റു ശാസ്ത്രജ്ഞരുമായി സംസാരിച്ച് സ്ഥിരീകരിച്ച ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പ്രധാനമന്ത്രിയുടെ അരികിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു.ഇതിനുശേഷം പുലര്‍ച്ചെ 2.18 ന് ഇതിനെപ്പറ്റി ഔദ്യോഗികമായി പ്രഖ്യാപനം നടത്തി. രാവിലെ എട്ട് മണിക്ക് ഇതിനെ ചന്ദ്രയാന്‍ 2 പരീക്ഷണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ഐ.എസ്.ആര്‍.ഒയുടെ പ്രയത്നം ഇന്ത്യയ്ക്ക് അഭിമാനമാണെന്നും രാജ്യം ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.നാം ഇനിയും മുന്നോട്ടു പോവുകയും വിജയത്തിന്റെ ഉയരങ്ങള്‍ കീഴടക്കുകയും ചെയ്യും. നമ്മുടെ ശാസ്ത്രജ്ഞരോട് എനിക്ക് ഒന്നേ പറയാനുള്ളു.ഇന്ത്യ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ വ്യത്യസ്തരായ പ്രൊഫഷണലുകളാണ്. രാജ്യപുരോഗതിക്ക് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കുന്നവരാണ് നിങ്ങള്‍ എന്നും പ്രധാനമന്ത്രി പ്രസംഗത്തില് പറഞ്ഞു.

.