ധോണി സൂപ്പര്‍ കിംഗ്‌സില്‍ നിന്ന് പുറത്തേയ്ക്ക്, ഇനി ആ ടീമിന്റെ പരിശീലകന്‍

ഐ.പി.എല്‍ 15ാം സീസണ് മുന്നോടിയുള്ള മെഗാ ലേലത്തിന്റെ ഭാഗമായി നായകന്‍ എം.എസ് ധോണിയെ ചെന്നൈ സൂപ്പര്‍ കിംഗസ് പരിശീലകനായി നിയമിക്കുമെന്ന് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ്. 2022 ഐ.പി.എല്ലില്‍ ധോണിയെ ചെന്നൈ വിട്ടുകളയില്ലെന്നും പരിശീലകനായി ടീമിലേക്ക് തിരികെ എത്തിക്കുമെന്നും ബ്രാഡ് ഹോഗ് ട്വിറ്ററില്‍ കുറിച്ചു.

‘ധോണി ചെന്നൈ വിടുമെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം ടീമിന്റെ മഹാരാജയാണ്. ടീമിന്റെ പരിശീലകനായി ധോണിയെ അവര്‍ തിരിച്ചെത്തിക്കും’ ബ്രാഡ് ഹോഗ് ട്വിറ്ററില്‍ കുറിച്ചു. ഹോഗിന്റെ പ്രവചിക്കലിനെ ചുറ്റിപ്പറ്റി വിഭിന്ന അഭിപ്രായമാണ് ഉയരുന്നത്. ടീം നിലനിര്‍ത്തുന്ന നാല് പേരില്‍ ഒരാള്‍ ധോണിയായിരിക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്.

ധോണിയെ ടീമിലെടുത്താല്‍ തന്നെ മൂന്നു വര്‍ഷം ടീമിനായി കളിക്കാന്‍ സാധിക്കുമോ എന്നതാണ് ഒരു പ്രധാന കാര്യം. അതിനാല്‍ തന്നെ ധോണി ഈ സീസണോടെ ഐ.പി.എല്ലില്‍ നിന്നും വിരമിക്കാനാണ് സാദ്ധ്യത. അങ്ങനെ എങ്കില്‍ ഹോഗ് പറഞ്ഞതില്‍ അര്‍ത്ഥമുണ്ട്. ധോണിയെ പോലൊരു ബ്രില്യന്റ് താരത്തെ വിട്ടുകളയാതെ പരിശീലകനായി ടീം നിലനിര്‍ത്തിയേക്കും.

ഈ വര്‍ഷം ഡിസംബറില്‍ മെഗാ താരലേലം നടക്കുമെന്നാണ് അറിയുന്നത്. മെഗാ ലേലത്തിന് മുമ്പ് നാല് താരങ്ങളെ ഓരോ ടീമുകള്‍ക്കും നിലനിര്‍ത്താം. മൂന്ന് ഇന്ത്യന്‍ താരങ്ങളെയോ ഒരു വിദേശ താരത്തെയോ അല്ലെങ്കില്‍ രണ്ട് വീതം വിദേശ താരങ്ങളെയും ഇന്ത്യന്‍ താരങ്ങളെയും നിലനിര്‍ത്താം എന്നാണ് പുതിയ തീരുമാനം.