തകര്‍ത്തടിച്ച് ധവാനും കോഹ്ലിയും രാഹുലും, ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാനും വിരാട് കോഹ്ലിയും കെഎല്‍ രാഹുവുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ രോഹിത്ത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 44 പന്തില്‍ ആറ് ബൗണ്ടറി സഹിതം 42 റണ്‍സെടുത്ത രോഹിത്ത് ശര്‍മ്മയെ ആദം സാംബ എല്‍ബിയില്‍ കുടുക്കി.

രണ്ടാം വിക്കറ്റില്‍ ധവാനും കോഹ്ലിയും ചേര്‍ന്ന് 103 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സെഞ്ച്വറിയ്ക്ക് നാല് റണ്‍സ് അകലെ റിച്ചാഡ്‌സിന്റെ പന്തില്‍ സ്റ്റാര്‍ക്ക് പിടിച്ചാണ് ധവാന്‍ പുറത്തായത്. 90 പന്തില്‍ 13 ബൗണ്ടറിയും ഒരു സിക്‌സിന്റേയും സഹായത്തോടെ 96 റണ്‍സാണ് ധവാന്‍ നേടിയത്.

ഏഴ് റണ്‍സെടുത്ത ശ്രേയസും രണ്ട് റണ്‍സെടുത്ത മനീഷ് പാണ്ഡ്യയും പെട്ടെന്ന് പുറത്തായി. കോഹ്ലി 76 പന്തില്‍ ആറ് ഫോറിന്റെ സഹായത്തോടെ 78 റണ്‍സാണ് സ്വന്തമാക്കിയത്. സാംബ തന്നെയാണ് ഇത്തവണയും കോഹ്ലിയുടെ അന്തകനായത്. തകര്‍ത്തടിച്ച കെഎല്‍ രാഹുല്‍ അവസാന ഓവറില്‍ 80 റണ്‍സെടുത്ത് പുറത്തായി. 52 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതമാണ് രാഹുലിന്റെ പ്രകടനം. 20 റണ്‍സെടുത്ത് ജഡേജയും ഒരു റണ്‍സുമായി മുഹമ്മദ് ഷമിയും പുറത്താകാതെ നിന്നു.

ഓസ്‌ട്രേലിയക്കായി ഇത്തവണയും ആദം സാമ്പ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. 10 ഓവറില്‍ 50 റണ്‍സ് വഴങ്ങിയാണ് സാമ്പ മൂന്ന് വിക്കറ്റെടുത്തത്. റിച്ചാര്‍ഡ്‌സണ്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

Read more

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ത്തിന് മുന്നിലാണ്. ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് ഓസ്‌ട്രേലിയ തോല്‍പിച്ചിരുന്നു.