ഇന്ത്യയിൽ തുടർച്ചയായ രണ്ടാം ദിവസവും മൂന്ന്​ ലക്ഷത്തില്‍ അധികം കോവിഡ്​ രോഗികൾ, മരണം 2263

കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ അതി​തീവ്രമായി തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസവും മൂന്ന്​  ലക്ഷത്തിലധികം പേർക്ക്​ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചു. 332,730 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത്​. 2263 പേരാണ് കോവിഡ് ബാധ മൂലം മരിച്ചത്.

ഇതുവരെ 1,62,63, 695 കോവിഡ് കേസുകളാണ് ആകെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനകം 1,86,920 പേരാണ് രോ​ഗം ബാധിച്ച് മരിച്ചത്.
ഏപ്രിൽ 4ന് പ്രതിദിന കോവിഡ് കണക്ക് ഒരു ലക്ഷമായിരുന്നു. അതാണ് ഇപ്പോൾ 3.3 ലക്ഷമായി ഉയർന്നിരിക്കുന്നത്. ആദ്യ കോവിഡ് തരം​ഗത്തിലാകട്ടെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്ക് 98,000 ആയിരുന്നു.

ഓക്സിജൻ ക്ഷാമത്തെത്തുടർന്ന് ഡല്‍ഹി  ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 കോവിഡ് രോ​ഗികൾ മരിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 60 പേരുടെ നില ഗുരുതരമാണ്. 2 മണിക്കൂർ കൂടി നൽകാനുള്ള ഓക്സിജനേ ആശുപത്രിയിൽ ഉള്ളൂ. എത്രയും വേഗം ഓക്സിജൻ എത്തിക്കണമെന്നും മെഡിക്കൽ ഡയറക്ടർ ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍  ലക്ഷണങ്ങൾ ഉള്ള  ആരോഗ്യ പ്രവർത്തകരിലേക്ക് മാത്രം ആയി കോവിഡ് ടെസ്റ്റ് ചുരുക്കാൻ തീരുമാനമായി. രോഗം സ്ഥിരീകരിച്ചവർ മാത്രം ക്വാറന്റൈനിൽ കഴിയാനും നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കുണ്ടായ ക്ഷാമം പരിഗണിച്ചാണ് പുതിയ തീരുമാനം
എയിംസ് ഡയറക്ടരുടെ നേതൃത്വത്തിൽ ചേർന്ന കോവിഡ് 19 റിവ്യൂ മീറ്റിങ്ങിലാണ് തീരുമാനം.

ഓക്സിജൻ നിറച്ച ടാങ്കറുകളുമായുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ നിന്നും മുംബൈക്ക് പുറപ്പെട്ടിട്ടുണ്ട്. 100 ടൺ ഓക്സിജനാണ് 7 ടാങ്കറുകളിലായി തിരിച്ചത്. ഓക്സിജൻ വിതരണത്തിന് വ്യോമസേന വിമാനങ്ങൾ ഉപയോഗിച്ചു തുടങ്ങി.

അതിനിടെ, കോവിഡ് രണ്ടാം തരംഗം സാമ്പത്തിക പരിഷ്കരണ നടപടികളെ ബാധിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അഭിപ്രായപ്പെട്ടു. പ്രാദേശിക നിയന്ത്രണങ്ങൾ ചെറിയ പ്രതിഫലനം ഉണ്ടാക്കിയേക്കാം. പക്ഷേ ഇപ്പോൾ രോഗനിയന്ത്രണത്തിനാണ് മുൻഗണനയെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.