'ഗോഡ്‌സെ ദേശസ്‌നേഹി'; ലോക്ഡൗണിനിടെ ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിച്ച് ഹിന്ദു മഹാസഭ, വിമര്‍ശനവുമായി കോണ്‍ഗ്രസ്

മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിച്ച് ഹിന്ദു മഹാസഭ. ഗോഡ്‌സെയുടെ 111-ാം ജന്മദിനമാണ് ലോക്ഡൗണിനിടെ മധ്യപ്രദേശിലെ ഗ്വാളിയോറിലെ ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ആഘോഷിച്ചത്. ഇതിനെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

111-ാം ജന്മദിനത്തെ സൂചിപ്പിക്കാനായി 111 ദീപങ്ങള്‍ കത്തിച്ചുവെച്ചായിരുന്നു ഹിന്ദു മഹാസഭയുടെ ആഘോഷം. ഗ്വാളിയോറിലെ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങിന് ഹിന്ദുമഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ജയ്‌വീര്‍ ഭരദ്വാജ് നേതൃത്വം നല്‍കി. ഗോഡ്‌സെയുടെ ചിത്രത്തിന് ചുറ്റുമായിരുന്നു ദീപങ്ങള്‍ കത്തിച്ചത്.

1948 ജനുവരി 30-ന് മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്‌സെയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേകം പൂജകളും ഹിന്ദു മഹാസഭയുടെ ഓഫീസില്‍ നടന്നു.

“ഗോഡ്‌സെയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 3000 ഹിന്ദുമഹാ സഭ അനുയായികളുടെ വീടുകളില്‍ ദീപങ്ങള്‍ തെളിയിച്ചു. ഗോഡ്‌സെ ദേശസ്‌നേഹിയായിരുന്നു. സാമൂഹിക അകലം പാലിച്ചുള്ളതായിരുന്നു ഹിന്ദുമഹാസഭയുടെ ഓഫീസിലും വീടുകളിലും നടന്ന ആഘോഷങ്ങള്‍””- ജെയ്‌വീര്‍ ഭരദ്വാജ്.

ഗോഡ്‌സെയുടെ ജന്മദിനാഘോഷ പരിപാടിയെ കുറിച്ച് അറിയില്ലെന്നാണ് ഗ്വാളിയോര്‍ ജില്ലാ കളക്ടര്‍ കുശലേന്ദ്ര വിക്രം സിംഗ് അറിയിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്നും കളക്ടര്‍ പറഞ്ഞു. അതേസമയം ഗോഡ്‌സെയുടെ ജന്മദിനാഘോഷത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന്റെ യഥാര്‍ത്ഥ മനസിലിരുപ്പാണ് ഇത്തരം പരിപാടികളിലൂടെ തെളിയുന്നതെന്ന് പ്രതിപക്ഷ നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥ് പറഞ്ഞു. ലോക്ഡൗണിന്റെ സമയത്ത് പോലും ഇത്തരം പരിപാടികള്‍ നടക്കുകയാണ്. ഞങ്ങള്‍ അധികാരത്തിലുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്ന് ഉണ്ടാവുമായിരുന്നില്ലെന്നും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലുള്ളതിന്റെ ബലത്തിലാണ് ഈ ആഘോഷമെന്നും ട്വീറ്റുകളിലൂടെ കമല്‍നാഥ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 15-ന് ഹിന്ദു മഹാസഭയുടെ ഗ്വാളിയോറിലെ ഓഫീസില്‍ ഗോഡ്‌സെയെ തൂക്കിലേറ്റിയതിന്റെ 70-ാം വാര്‍ഷികം “ബലിദാന്‍ ദിവസ്” ആയി ആഘോഷിച്ചിരുന്നു. ഇതേ തുടര്‍ന്ന് നാല് ഹിന്ദുമഹാസഭ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

നേരത്തെ 2017-ല്‍ ശിവരാജ് സിംഗ് ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോഴും ഹിന്ദു മഹാസഭ സമാനമായ വിവാദ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അന്ന് ഗോഡ്‌സെയുടെ പേരില്‍ അമ്പലം സ്ഥാപിക്കാനായിരുന്നു പദ്ധതി.