കർണാടകയിൽ എച്ച്.ഡി ദേവഗൗഡ ബി.ജെ.പിയെ പിന്തുണച്ചേക്കും; എം. പി വീരേന്ദ്രകുമാറുമായി ലയനചർച്ചകൾ ആരംഭിച്ച് ജനതാദൾ എസ് സംസ്ഥാന ഘടകം

ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയും കൂട്ടരും കർണാടകയിലെ ബി.ജെ.പി സർക്കാരിനെ പിന്തുണയ്ക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ ജനതാദൾ എസ് സംസ്ഥാന ഘടകവും എം.പി വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളും തമ്മിൽ ലയനചർച്ചകൾ ആരംഭിച്ചു. 15 സീറ്റിലേക്കുളള ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എച്ച്.ഡി.കുമാരസ്വാമി യെദ്യൂരപ്പാ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചേക്കും എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലയനചർച്ചകൾ തുടങ്ങിയിരിക്കുന്നത്. ബി.ജെ.പിക്ക് പിന്തുണ നൽകുന്നതിനോടുളള രാഷ്ട്രീയ  വിയോജിപ്പാണ് പാർട്ടി പിളർത്തി പുറത്തു പോയ വീരേന്ദ്രകുമാറുമായി ഒരുമിക്കാൻ പ്രേരണയായത്.നിലവിൽ നിയമസഭാ പ്രതിനിധ്യമില്ലാത്ത എൽ.ജെ.ഡിക്കും ലയനം ഗുണകരമാണ്.ഇപ്പോൾ ഫോണിലൂടെ ആശയവിനിമയം നടത്തുന്ന ഇരുപാർട്ടികളുടെയും നേതാക്കൾ വൈകാതെ ഒരുമിച്ചിരുന്ന് ചർച്ച ചെയ്യും.

ജനതാദൾ സംസ്ഥാന അദ്ധ്യക്ഷൻ സി.കെ.നാണുവും മന്ത്രി കെ.കൃഷ്ണൻകുട്ടിയുമാണ് ലയനചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ബി.ജെ.പിയെ പിന്തുയ്ക്കാൻ മടിയില്ലെന്ന് കുമാരസ്വാമി പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീരേന്ദ്രകുമാറിന്റെ പാർട്ടിയുമായി ആശയവിനിമയം തുടങ്ങിയത്.കേരളത്തിലെ ജനതാദളും എൽ.ജെ.ഡിയും തമ്മിൽ ലയിച്ച് പുതിയ പാർട്ടിയായി നിൽക്കാനാണ് നീക്കം.പുതിയ പാർട്ടിയുടെ അദ്ധ്യക്ഷപദവി എം.പി.വീരേന്ദ്രകുമാറിന് നൽകണമെന്നാണ് എൽ.ജെ.ഡിയുടെ ആവശ്യം.
രാജ്യത്തെതന്നെ മുതിർന്ന സോഷ്യലിസ്റ്റ് നേതാക്കളിൽ ഒരാളായ വീരേന്ദ്രകുമാറിന് അദ്ധ്യക്ഷപദവി ഏറ്റെടുക്കുന്നതിനോട് സി.കെ.നാണുവിനും കൃഷ്ണൻകുട്ടിയ്ക്കും
എതിർപ്പില്ല. എന്നാൽ മാത്യു.ടി തോമസ് വിഭാഗത്തിന് ഇതിനെ എതിർക്കാനാണ്  സാദ്ധ്യത. ഇരുപാർട്ടികളും തമ്മിൽ ലയിക്കണമെന്ന് നേരത്തെ ആവശ്യം ഉയർന്നപ്പോഴും മാത്യു.ടി.തോമസ് വിഭാഗമാണ് എതിർത്തത്.ബി.ജെ.പി സഖ്യത്തിന്റെ പ്രശ്നമായത് കൊണ്ട് ഇക്കുറി ലയന നീക്കത്തെ എതിർക്കാൻ മാത്യു.ടി.തോമസിന് ആകില്ല. ഇതാണ് സി.കെ.നാണുവിന്റെയും കെ.കൃഷ്ണൻകുട്ടിയുടെയും ആത്മവിശ്വാസം. ഇന്നലെ വയനാട്ടിൽ വെച്ച് കൂടിക്കാഴ്ച നടത്താനായിരുന്നു തീരുമാനമെങ്കിലും  വീരേന്ദ്രകുമാറിന്റെ അസൗകര്യം മൂലം നടന്നില്ല.