'പെണ്ണായാല്‍ അറപ്പും ഇഷ്ടക്കുറവും കളഞ്ഞു ആദര്‍ശവതി ആവണം എന്ന് പറഞ്ഞാല്‍, പോയി പണി നോക്കാന്‍ പറയാന്‍ പ്രത്യേകം പറഞ്ഞു കൊടുത്തിട്ടുണ്ട്'

അകം എന്ന സംഗീത ബാന്‍ഡിലൂടെ ശ്രദ്ധേയനായ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. ഹരീഷ് തന്റെ മകള്‍ ശ്രേയയെ കുറിച്ചും അവളെ പഠിപ്പിച്ച കാര്യങ്ങളെ കുറിച്ചും എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആവശ്യമുള്ളതെല്ലാം അവള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്. പെണ്ണായാല്‍ അറപ്പും ഇഷ്ടക്കുറവും കളഞ്ഞു ആദര്‍ശവതി ആവണം എന്ന് പറഞ്ഞാല്‍, പോയി പണി നോക്കാന്‍ പറയാന്‍ പ്രത്യേകം പറഞ്ഞു കൊടുത്തിട്ടുണ്ടെന്നും ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആനീസ് കിച്ചണ്‍ പരിപാടിയില്‍ കഥയല്ലിത് ജീവിതം അവതാരക വിധു ബാല പെണ്ണായാല്‍ അറപ്പ് പാടില്ല, എല്ലാം ഇഷ്ടപ്പെടണം തുടങ്ങി അമ്മ പറഞ്ഞു തന്ന കാര്യങ്ങളാണ് എന്ന് പറയുന്ന വീഡിയോ ചര്‍ച്ചയായതിന് പിന്നാലെയാണ് ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ്.

ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ്:

ഇത് എന്റെ മകളാണ്… ഇവള്‍ക്ക് രുചിയുള്ള ഭക്ഷണവും രുചിയില്ലാത്ത ഭക്ഷണവും തിരിച്ചറിയാന്‍ അറിയാം, അവള്‍ അത് വ്യക്തമായി പറയാറും ഉണ്ട് … കിട്ടുന്ന ഭക്ഷണം പ്രിവിലേജ് ആണെന്ന് പറഞ്ഞു കൊടുക്കുമ്പോ തന്നെ വീട്ടിലെ ഒരേ ഒരു പുരുഷന്‍ ആയ ഞാന്‍ “കഷ്ണം മുഴുവന്‍ എനിക്കും, പാതി ചാറ് നിനക്കും നിന്റെ അമ്മയ്ക്കും” എന്നാണ് പ്രമാണം എന്ന് ഞാനോ അവളുടെ അമ്മയോ പറഞ്ഞു കൊടുത്തിട്ടില്ല.

സ്വന്തം ജോലി അത് എന്ത് തന്നെ ആയാലും (പാത്രം കഴുകുകയോ, ടോയ്‌ലറ്റ് വൃത്തിയാക്കുകയോ എന്ത് വേണെങ്കില്‍ ആയിക്കോട്ടെ) അത് സ്വയം ചെയ്യുക എന്നത് ഒരു ആന കാര്യം അല്ല – അവളായാലും ഞാന്‍ ആയാലും ആരായാലും എന്നും പറഞ്ഞു കൊടുത്തിട്ടുണ്ട്. പെണ്ണായാല്‍ അറപ്പും ഇഷ്ടക്കുറവും ഒക്കെ കളഞ്ഞു ആദര്‍ശവതി ആവണം എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരോടു പോയി പണി നോക്കാന്‍ പറയാന്‍ പ്രത്യേകം പറഞ്ഞു കൊടുത്തിട്ടുണ്ട്.

പിന്നെ പില്‍ക്കാലത്തു അവളുടെ വീട്ടിലോ, എന്റെ വീട്ടിലോ ഭര്‍ത്താവിന്റെ വീട്ടിലോ വാടക വീട്ടിലോ എവിടെയായാലും അവള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും പാചകം ചെയ്യാനും, അവള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, പ്രേമിക്കാനും, വിവാഹം കഴിക്കാനും കഴിക്കാതെ ഇരിക്കാനും, ആരുടേയും സമ്മതം വേണ്ട എന്നും പറഞ്ഞു കൊടുത്തിട്ടുണ്ട്.

സ്വന്തമായി അഭിപ്രായം ഉണ്ട് എന്ന കാരണത്താലോ, പാചകം അറിയില്ല എന്ന കാരണത്താലോ, ഇഷ്ടം അല്ലാത്ത കാര്യങ്ങള്‍ അവള്‍ ചെയ്യില്ല എന്ന കാരണത്താലോ വരുന്ന “വരും വരായ്കകളെ ” അങ്ങോട്ട് വരട്ടെ എന്ന് പറയാനും പഠിപ്പിച്ചിട്ടുണ്ട്. ഈ പഠിപ്പിച്ച കൊണ്ടുള്ള ബുദ്ധിമുട്ട് അവള്‍ സഹിച്ചോളും – ചുറ്റും ഉള്ള കുലമമ്മീസ് ആന്‍ഡ് കുലഡാഡീസ് വിഷമിക്കേണ്ടതില്ല.