വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ സ്ഥാപിക്കാൻ അനുവദിക്കുന്ന ബില്ലുമായി കേന്ദ്ര സർക്കാർ

വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ സ്ഥാപിക്കാൻ അനുവദിക്കാനുള്ള യു.പി.എ സർക്കാരിന്റെ പദ്ധതി പൊടി തട്ടിയെടുത്ത് നരേന്ദ്ര മോദി സർക്കാർ. സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ബില്ലിൽ വിദേശ സർവകലാശാലകളുടെ പ്രവേശനത്തിനും പ്രവർത്തനത്തിനും അനുമതി നൽകുന്നതിനുള്ള വ്യവസ്ഥ ഏർപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ.

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും (യു.ജി.സി) അഖിലേന്ത്യാ കൗൺസിൽ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷനും (എ ഐ സി ടി ഇ) പകരമായി ഒരൊറ്റ ഉന്നത വിദ്യാഭ്യാസ റെഗുലേറ്റർ സ്ഥാപിക്കാനാണ് ബിൽ ലക്ഷ്യമിടുന്നത്. അന്തർ മന്ത്രാലയ കൂടിയാലോചനക്കുള്ള കരട് നിയമം ഈ ആഴ്ച എച്ച്ആർഡി മന്ത്രാലയം പ്രചരിപ്പിച്ചതായി ആണ് വാർത്തകൾ.

പുതിയ ഉന്നത വിദ്യാഭ്യാസ കമ്മീഷന് “പ്രശസ്തമായ വിദേശ സർവകലാശാലകളെ” ഇന്ത്യയിൽ ക്യാമ്പസുകൾ സ്ഥാപിക്കാൻ അനുവദിക്കാമെന്ന് വ്യക്തമാക്കുന്ന വ്യവസ്ഥ ബിൽ ഉൾക്കൊള്ളുന്നു. യു.പി‌.എ രണ്ടാം സർക്കാർ മുന്നോട്ടുവെച്ച വിദേശ വിദ്യാഭ്യാസ സ്ഥാപന ബില്ലിനെ കുറിച്ചുള്ള ബി.ജെ.പിയുടെ മുൻ നിലപാടിന് നേർവിപരീതമാണ് ഇപ്പോഴത്തെ നിലപാട്.

വിദേശ സർവ്വകലാശാലകളെ ബി.ജെ.പി എതിർത്തിരുന്നതിന് പ്രധാന കാരണം അത്തരം സ്ഥാപനങ്ങളിലെ വർദ്ധിച്ച വിദ്യാഭ്യാസച്ചെലവ്, ഉയർന്ന ട്യൂഷൻ ഫീസ്, പൊതു സർവകലാശാലകളിൽ നിന്നും അദ്ധ്യാപകരെ നിയമിക്കൽ തുടങ്ങിയ കാരണങ്ങളായിരുന്നു മാത്രമല്ല ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും ഇത്തരം സർവകലാശാലകൾ പ്രാപ്യമായിരിക്കില്ല എന്നതും കാരണമായി.

മോദി സർക്കാർ ആദ്യ കാലയളവിൽ വിദേശ വിദ്യാഭ്യാസ സ്ഥാപന ബിൽ പുനരുജ്ജീവിപ്പിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. നീതി ആയോഗും വാണിജ്യ മന്ത്രാലയവും ഇതിനായി പ്രധാനമായും ശ്രമിച്ചിരുന്നു.