പ്രതിഷേധം ശക്തമായതോടെ കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റുന്നു; കുട്ടികള്‍ക്കിഷ്ടമുള്ളത് പഠിക്കാം, ഹിന്ദി നിര്‍ബന്ധമാക്കില്ലെന്ന് മാനവശേഷി മന്ത്രാലയം

വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് എട്ടാംക്ലാസ് വരെ രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ഹിന്ദി നിര്‍ബന്ധമാക്കി കൊണ്ടുള്ള വിദ്യാഭ്യാസ പരിഷ്‌കാരത്തില്‍ തിരുത്തല്‍ വരുത്തി കേന്ദ്രസര്‍ക്കാര്‍. മാനവശേഷി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് കുട്ടികള്‍ക്ക് അവരുടെ സ്വന്തം ഇഷ്ടമനുസരിച്ചുള്ള ഭാഷകള്‍ പഠിക്കാന്‍ തിരഞ്ഞെടുക്കാം. നേരത്തെ എട്ടാംക്ലാസ് വരെ രാജ്യത്തെ എല്ലാ വിദ്യാര്‍ത്ഥികളും ഹിന്ദി നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതാണ് ദക്ഷിണേന്ത്യയില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമുള്ള വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് പരിഷ്‌കരിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തില്‍ ഇംഗ്ലീഷും ഹിന്ദിയും, ഹിന്ദി സംസാരിക്കുന്നതും അല്ലാത്തതുമായ സംസ്ഥാനങ്ങളിലെ കുട്ടികള്‍ നിര്‍ബന്ധമായും പഠിക്കണമായിരുന്നു. ഇതാണ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധമുണ്ടാക്കിയത്.

ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള ശ്രമങ്ങള്‍ പ്രാദേശിക അസ്തിത്വത്തിന് എതിരെയുള്ള ഹീനമായ ആക്രമണമാണെന്ന് സിദ്ധരാമയ്യ

നേരത്തെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് തമിഴ് നാട്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബുദ്ധിജീവികളും രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ദക്ഷിണേന്ത്യയ്ക്ക് പരിഗണന വേണമെന്നും സിദ്ധാരമയ്യ ട്വീറ്റ് ചെയ്തു.

“സ്റ്റോപ് ഹിന്ദി ഇംപോസിഷന്‍” എന്ന ഹാഷ് ടാഗില്‍ തുടര്‍ച്ചയായുള്ള പോസ്റ്റില്‍ ഹിന്ദി പഠിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമായിരിക്കണമെന്നു അടിച്ചേല്‍പ്പിച്ചാവരുതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. അതേസമയം ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ആദ്യമായി സംസാരിച്ച തമിഴ്‌നാടിനെ മയപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിരുന്നു.

ഇതിന്റെ ഭാഗമായി തമിഴ് ബന്ധമുള്ള ധനമന്ത്രി നിര്‍മ്മല സീതാരാമനേയും വിദേശകാര്യമന്ത്രി എസ് ജയശങ്കറേയും രംഗത്തിറക്കി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം പടക്കപ്പുരക്ക് തീ കൊളുത്തുന്നതിന് തുല്യമാണെന്നാണ് ഡി എം കെ നേതാവ് തിരുച്ചി ശിവ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍യിരുന്നു