പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷ നീക്കം ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തി; സര്‍ക്കാര്‍ തെറ്റു ചെയ്താല്‍ തിരുത്തേണ്ടത് തന്‍റെ ചുമതലയെന്ന് ഗവര്‍ണര്‍

ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷത്തിന്റെ നീക്കം ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത്തരത്തില്‍ സംസാരിക്കുന്നവരോട് പ്രതികരിക്കാനില്ല. പ്രതിപക്ഷം ഭരണഘടന വായിച്ച് നോക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരളത്തിലെ സര്‍ക്കാരുമായി സംഘര്‍ഷത്തിനല്ല താന്‍ ഇവിടെ എത്തിയതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഇതു തന്റെ സര്‍ക്കാരാണ്. താനാണ് ഭരണഘടനാപരമായി സര്‍ക്കാരിന്റെ തലവന്‍. ജനക്ഷേമത്തില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ഇത്. ഈ സര്‍ക്കാരിനെ പ്രശംസിച്ചാണ് എല്ലായിടത്തും സംസാരിക്കാറുള്ളത്. ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ സര്‍ക്കാരിനെ പ്രശംസിച്ചു സംസാരിച്ചതിന് സര്‍ക്കാര്‍ പ്രതിനിധിയായാണോ സംസാരിക്കുന്നതെന്ന് മറ്റു ഗവര്‍ണര്‍മാര്‍ തന്നോടു ചോദിച്ചിട്ടുണ്ട്- ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

സര്‍ക്കാരിനെ നല്ല കാര്യങ്ങളില്‍ പ്രോത്സാഹിപ്പിക്കുകയും തെറ്റായ കാര്യങ്ങളില്‍ തിരുത്തുകയും ചെയ്യേണ്ടത് ഗവര്‍ണറുടെ ചുമതലാണ്. അതാണ് ചെയ്യുന്നത്. പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തെറ്റായ കാര്യമാണ് ചെയ്തത്. അതുകൊണ്ടാണ് അതിനെതിരെ അഭിപ്രായം പറഞ്ഞത്. അതു തന്റെ ചുമതലയുടെ ഭാഗമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.