പൊതുവേദിയില്‍ മന്ത്രി സുധാകരന്‍ ചൂടായി; ചിഞ്ചുറാണിക്കു പരാതി

അമ്പലപ്പുഴ: പൊതുവേദിയില്‍ കോര്‍പ്പറേഷന്‍ ചെയര്‍പഴ്സണോടു മന്ത്രി ക്ഷുഭിതനായി. പരാതിയുമായി ചെയര്‍പഴ്സണ്‍ രംഗത്ത്. മന്ത്രി ജി. സുധാകരനാണ് സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ചെയര്‍പഴ്സണും സി.പി.ഐ. ദേശീയ കൗണ്‍സിലംഗവുമായ ജെ. ചിഞ്ചുറാണിയോടു ക്ഷുഭിതനായത്.

അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് ഇന്നലെ കെ.കെ. കുഞ്ചു പിള്ള സ്മാരക സ്‌കൂളില്‍ ആശ്രയപദ്ധതിയില്‍പ്പെടുത്തി സംഘടിപ്പിച്ച കോഴിക്കുഞ്ഞ് വിതരണ വേദിയിലായിരുന്നു സംഭവം. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാല്‍ സ്വാഗതമാശംസിക്കുന്നതിനിടെ ചെയര്‍പഴ്സണോട് മന്ത്രി പരിപാടിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ പക്കലുണ്ടെന്ന മറുപടിയാണ് മന്ത്രിയെ പ്രകോപിതനാക്കിയത്.

ഉദ്യോഗസ്ഥയായ ചിഞ്ചു റാണിക്ക് ചടങ്ങില്‍ അധ്യക്ഷയാകാന്‍ അവകാശമില്ലെന്നു മന്ത്രി പറഞ്ഞു. താന്‍ ഉദ്യോഗസ്ഥയല്ലെന്നും കോര്‍പ്പറേഷന്‍ ചെയര്‍പഴ്സണാണെന്നും ചിഞ്ചുറാണി പറഞ്ഞു. പിന്നീട് ഏറെ നേരം ഇരുവരും തമ്മില്‍ വാഗ്വാദം നടന്നു. അതിനുശേഷം മന്ത്രി വേദിവിട്ട് ഔദ്യോഗികവാഹനത്തിനടുത്തെത്തി.

Read more

ഇതിനിടെ, ജനപ്രതിനിധികളും മറ്റുള്ളവരും ഇടപെട്ടതോടെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ തയാറായി മന്ത്രി തിരികെയെത്തി. വേദിയില്‍ കയറാതെ താഴെ നിന്ന് മൈക്കിലൂടെയും മന്ത്രി വിമര്‍ശനം നടത്തി. പരിപാടിയെപ്പറ്റി വകുപ്പ് തന്നെ അറിയിച്ചിരുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. പ്രസംഗത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിനെയും മന്ത്രി വിമര്‍ശിച്ചു. തുടര്‍ന്നു പരിപാടി ഉദ്ഘാടനം ചെയ്തശേഷം മന്ത്രി മടങ്ങി.
തൊട്ടു പുറകെ സി.പി.ഐ. നേതാക്കള്‍ക്കൊപ്പം ചിഞ്ചുറാണിയും വേദിവിട്ടു. സംഭവം സംബന്ധിച്ച് വകുപ്പ് മന്ത്രി കെ. രാജു, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കു ചിഞ്ചുറാണി പരാതി നല്‍കുമെന്നു സി.പി.ഐ. നേതൃത്വം വ്യക്തമാക്കി. സംഭവത്തില്‍ സി.പി.ഐയും പ്രതിഷേധമറിയിച്ചിട്ടുണ്ട്.