എറണാകുളത്ത് 'മുത്തു എഫക്റ്റ്' നിർണായകമാകും

അവസാന ലാപ്പുകളിൽ പ്രചാരണം പരമാവധി കൊഴുപ്പിക്കാൻ മൂന്ന് മുന്നണികളും ശ്രമിക്കുമ്പോഴും എറണാകുളത്ത് വോട്ടർമാരിൽ നിസ്സംഗത. ഇത് പോളിംഗിനെ ബാധിക്കുമോ എന്ന ആശങ്ക മുന്നണികൾക്കുണ്ട്. അതുകൊണ്ട് പരമാവധി വോട്ടർമാരെ ബൂത്തുകളിലേക്കെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രവർത്തകർ. പ്രചാരണചൂട് എന്ന് പറയാവുന്ന ഒന്ന് മണ്ഡലത്തിൽ പൊതുവെ കാണുന്നില്ല. 71.72 ശതമാനമാണ് 2016- ലെ തിരഞ്ഞെടുപ്പിലെ എറണാകുളത്തെ പോളിംഗ്.

എറണാകുളത്തെ സംബന്ധിച്ചിടത്തോളം ബി ജെ പി പിടിക്കുന്ന ഓരോ വോട്ടുമാണ് ഇക്കുറി നിർണായകമാവുക. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ച അൽഫോൻസ് കണ്ണന്താനം 137,749 വോട്ട് നേടിയത് ചരിത്രമാണ്. ഇത്തവണ ബി ജെ പിക്ക് ജനകീയനായ അവരുടെ സ്ഥാനാർത്ഥി തന്നെയാണ് തുറുപ്പുചീട്ട്. മുത്തു എന്ന വിളിപ്പേരിൽ സുപരിചിതനായ സി. ജി രാജഗോപാലിന് എങ്ങും ഒരു പരിചയപ്പെടുത്തൽ ആവശ്യമായി വരുന്നില്ല. അതുകൊണ്ട് കോൺഗ്രസ് ഇതര വോട്ടുകൾ സമാഹരിക്കാൻ ശ്രമിക്കുന്ന ഇടതുമുന്നണിക്ക് രാജഗോപാൽ എന്ന സ്ഥാനാർത്ഥി ഒരു വെല്ലുവിളി തന്നെയാണ്. കാരണം ഹിന്ദു വോട്ടുകൾ കൂടുതലായി സമാഹരിക്കാൻ ബി ജെ പി സ്ഥാനാർത്ഥിക്ക് കഴിഞ്ഞാൽ അതിൽ വലിയ നഷ്ടം സംഭവിക്കുക ഇടതുമുന്നണിക്കായിരിക്കും.

കോൺഗ്രസിനോട് എന്നും ആഭിമുഖ്യം കാണിക്കാറുള്ള മണ്ഡലത്തിലെ പ്രബലമായ ലത്തീൻ സമുദായത്തിന്റെ വോട്ടുകളിൽ വലിയ വിള്ളൽ വീഴ്ത്താൻ കഴിയുമെന്ന് നിരീക്ഷകർ കരുതുന്നില്ല. ആ തരത്തിൽ ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി ഒരു വെല്ലുവിളി ഉയർത്തുന്നില്ല എന്നതാണ് ഇവിടെ പ്രശ്നം.

Read more

എന്നാൽ തൊട്ടടുത്ത് വരുന്ന ഹിന്ദു വോട്ടുകളിൽ വലിയ തോതിൽ ഏകീകരണം ഉണ്ടാകില്ല എന്നാണ് ഇടതു ക്യാമ്പ് ആശ്വാസം കൊള്ളുന്നത്. പക്ഷെ സി. ജി രാജഗോപാൽ മണ്ഡലത്തിൽ നല്ല സ്വാധീനമുള്ള ഗൗഡ സാരസ്വത സമുദായക്കാരനാണെന്നത് നിർണായകമാണ്. ഈ സമുദായത്തിന്റെ വോട്ടുകൾ ഏകീകരിച്ച് ബി ജെ പിയുടെ അകൗണ്ടിലേക്ക് മാറിയാൽ അത് കോൺഗ്രസിന് കൂടുതൽ ദോഷം ചെയ്യുമെന്ന വിലയിരുത്തലുണ്ട്. മണ്ഡലത്തിൽ അടുത്ത കാലത്തൊന്നും ഒരു ഗൗഡ സാരസ്വത സമുദായ അംഗം സ്ഥാനാർത്ഥിയായിട്ടില്ല. അതുകൊണ്ട് ബി ജെ പിയുടെ വോട്ട് വിഹിതത്തിൽ ഇക്കുറി വളർച്ച ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാൻ കഴിയില്ല. ബി ജെ പി സ്ഥാനാർത്ഥിയുടെ സ്വീകാര്യത ഇക്കാര്യത്തിൽ നിർണായകമാണ്. 2016-ലെ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ എൻ കെ മോഹൻദാസ് ഈ മണ്ഡലത്തിൽ നിന്ന് നേടിയത് 14,878 വോട്ടുകളാണ് [ 13.46 ശതമാനം] . ഇതിൽ രണ്ടോ മൂന്നോ ശതമാനത്തിന്റെ സ്വിംഗ് ബി ജെ പിക്ക് അനുകൂലമായാൽ എറണാകുളത്ത് അത് അതി നിർണായകമായിരിക്കും. തങ്ങളുടെ പരമ്പരാഗത വോട്ടുകളിൽ വിള്ളൽ ഉണ്ടാകാനുള്ള സാദ്ധ്യത യു ഡി എഫ് നേതൃത്വം തള്ളിക്കളയുന്നു. അതുകൊണ്ട് ബി ജെ പി അധികമായി വോട്ട് പിടിക്കുന്നത് ഇടതുമുന്നണിക്ക് ക്ഷീണം ചെയ്യുമെന്നാണ് പൊതു കാഴ്ചപ്പാട്.