പോളിംഗ് ബൂത്തില്‍ താമര ചിഹ്നവുമായി അതിക്രമിച്ച് കയറി; ബി.ജെ.പി സിറ്റിംഗ് എം.പിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീട്ടുതടങ്കലിലാക്കി

ബി.ജെ.പി ചിഹ്നവുമായി പോളിംഗ് ബൂത്തില്‍ അതിക്രമിച്ചു കയറിയ സിറ്റിംഗ് എം.പിയെ വീട്ടുതടങ്കലിലാക്കി തിരഞ്ഞെടുപ്പു കമ്മീഷന്‍. ബുലന്ദ്ശഹറിലെ ബി.ജെ.പി എം.പിയായ ഭോല സിങ്ങിനെയാണ് തടവിലാക്കിയത്.

സുരക്ഷാ ജീവനക്കാര്‍ തടഞ്ഞിട്ടും പോളിംഗ് ബൂത്തിലേക്ക് ഇയാള്‍ അതിക്രമിച്ചു കയറിയതിനെ തുടര്‍ന്നാണ് പെരുമാറ്റചട്ടം ലംഘിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്.

ബി.ജെ.പിയുടെ ചിഹ്നമായ താമരയും ധരിച്ചു കൊണ്ടായിരുന്നു സിങ്ങ് ബൂത്തിനുള്ളിലേക്ക് കയറിയത്.

ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടന്ന എട്ട് മണ്ഡലങ്ങളില്‍ ഒന്നാണ് ബുലന്ദ്ശഹര്‍. 2014ലെ തിരഞ്ഞെടുപ്പില്‍ 421973 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി.എസ്.പി സ്ഥാനാര്‍ത്ഥി പ്രദീപ് കുമാര്‍ ജാദവിനെ ഭോലാ സിങ്ങ് പരാജയപ്പെടുത്തിയത്.

ഇന്ന് രാവിലെയാണ് ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് യുപിയില്‍ ആരംഭിച്ചത്. 13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് ഇന്ന് പുലര്‍ച്ചെ ആരംഭിച്ച രണ്ടാംഘട്ട തിരഞ്ഞെടുപ്പ്.